വിവാദങ്ങളല്ല സർക്കാർ ആഗ്രഹിക്കുന്നതെന്നും നാടിന്റെ വികസനം നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും നിയമ മന്ത്രി പി രാജീവ് പറഞ്ഞു. ഗവർണറും സർക്കാരും തമ്മിൽ നല്ല ബന്ധമുണ്ടാകണമെന്നും അത്തരത്തിലുള്ള സമീപനമാണ് സർക്കാർ എപ്പോഴും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിൽനിന്ന് വ്യത്യസ്തമായി പ്രതികരിക്കേണ്ടിവരുന്ന ഘട്ടത്തിൽ അതു ചെയ്യാറുമുണ്ട്. ഭരണഘടനാപരമായ ചുമതലയാണ് ഗവർണർ വഹിക്കുന്നത്. ആ പദവിക്ക് പൂർണ ആദരവും നൽകുന്നുണ്ട്. ഏതെങ്കിലും തരത്തിൽ അഭിപ്രായവ്യത്യാസം വന്നാൽ വ്യവസ്ഥാപിത രീതിയിൽ പ്രകടിപ്പിക്കും.
മുഖ്യമന്ത്രിയായാലും മന്ത്രിമാരായാലും അങ്ങനെതന്നെ. പൊതു സമൂഹത്തിനു മുന്നിൽ വരുന്ന വിഷയങ്ങളിൽ ആദരവ് നിലനിർത്തി തന്നെയാണ് പ്രതികരിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. ഗവർണറെ വൈസ് ചാൻസലർ സ്ഥാനത്തുനിന്നു നീക്കാൻ ഓർഡിനൻസ് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് നിലവിലെ നിയമമനുസരിച്ച് ചാൻസലർ ഗവർണറാണെന്ന് മന്ത്രി മറുപടി നൽകി. നിയമസഭ പാസാക്കിയ നിയമം നൽകുന്നതാണ് ആ അധികാരം. യുജിസി റഗുലേഷനിലും ഭരണഘടനയിലും അക്കാര്യം പറയുന്നില്ല. നിലവിലെ നിയമമനുസരിച്ചാണ് ചാൻസലറായി ഗവർണർ പ്രവർത്തിക്കുന്നത്. മറ്റു കാര്യങ്ങൾ ഇപ്പോൾ ചർച്ച ചെയ്‌തിട്ടില്ല. ആവശ്യമെങ്കിൽ ആ സമയത്ത് ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
English Summary:Government wants development of country, not controversies: Minister P Rajeev
You may also like this video