Site iconSite icon Janayugom Online

മുതിര്‍ന്ന പൗരന്‍മാര്‍ക്കൊപ്പം ജനകീയ സര്‍ക്കാര്‍

രാജ്യത്ത് വയോജനങ്ങളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ള സംസ്ഥാനമാണ് കേരളം. ഏകദേശം 47 ലക്ഷം പേരാണ് 60 വയസിനു മുകളിൽ പ്രായമുള്ളവരായി ഇവിടെയുള്ളത്. ജനസംഖ്യയുടെ 16.5 ശതമാനമാണിത്. മികച്ച ജീവിതസാഹചര്യവും ആരോഗ്യപരിപാലന സംവിധാനവും ഉള്ളതുകൊണ്ട് ഉയര്‍ന്ന ജീവിതദെെര്‍ഘ്യവും ഇവിടെയാണ്. പുരുഷൻമാർക്ക് 72.5 ഉം സ്ത്രീകൾക്ക് 77.9 ഉം ആണ് ശരാശരി ജീവിതകാലം. അതുകൊണ്ടുതന്നെ വയോജനങ്ങളുടെ സുരക്ഷയും പരിപാലനവും ഏറ്റവും കാര്യക്ഷമമാക്കേണ്ട ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരിനുണ്ട്. ആ ദൗത്യം ഏറ്റെടുത്ത് മുതിര്‍ന്നപൗരന്‍മാരെ പരിരക്ഷിക്കുന്നതിന് ആവശ്യമായ ഒട്ടനവധി കാര്യങ്ങൾ എല്‍ഡിഎഫ് സർക്കാര്‍ നടപ്പാക്കുന്നുമുണ്ട്. അതിലേറ്റവും പുതിയ പ്രഖ്യാപനമാണ് കഴിഞ്ഞദിവസം സാമൂഹ്യനീതിമന്ത്രി ആർ ബിന്ദു നടത്തിയത്. സംസ്ഥാനത്തെ ഗവ. ആശുപത്രികളിൽ ഉപേക്ഷിക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതിവകുപ്പ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനം സാമൂഹ്യ സുരക്ഷക്ക് പരമപ്രധാന സ്ഥാനം നല്‍കുന്ന ഏത് സര്‍ക്കാരിനും മാതൃകയാക്കാവുന്നതാണ്. ആശുപത്രികളിൽ അനാഥരാക്കപ്പെടുന്ന വയോജനങ്ങളെ ഏറ്റെടുക്കുന്നതിന് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കും. ഇതിനായി രൂപരേഖ തയ്യാറാക്കാൻ സാമൂഹ്യനീതി പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. സർക്കാർ നേരിട്ട് നടത്തുന്ന 16 വൃദ്ധസദനങ്ങളിലും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരത്തോടെയുള്ള 632 വൃദ്ധസദനങ്ങളിലുമായി 29,767 പേരെ താമസിപ്പിക്കാനാകും. നിലവില്‍ 17,801 പേരാണ് ഇത്തരം സ്ഥാപനങ്ങളിലുള്ളത്.

2007 ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വയോജന നയം നടപ്പിലാക്കിയതോടെയാണ് വയോജന ക്ഷേമ പ്രവർത്തനങ്ങളുടെ ചുമതല പൂർണമായും സർക്കാർ ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. 2008 ല്‍ വയോജന കൗൺസിലുകൾ സംസ്ഥാന ജില്ലാതലങ്ങളിൽ രൂപപ്പെട്ടു. 2011 ഫെബ്രുവരിയില്‍ വയോമിത്രം പദ്ധതി ആരംഭിക്കാന്‍ നയപരമായി തീരുമാനിക്കുകയും വയോജനങ്ങളുടെ ആരോഗ്യ‑സാമൂഹ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനു വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കുന്നതിന് സ്വതന്ത്ര സ്ഥാപനമായ കേരള സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തുകയും ചെയ്തു. 2018 മേയ് മാസത്തോടെ ഗ്രാമപഞ്ചായത്ത് തലങ്ങളിലേക്കു് പദ്ധതി വ്യാപിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും തുടർന്നുവന്ന നിപ, പ്രളയം, കൊറോണ എന്നീ പ്രതിസന്ധികള്‍ മൂലം എല്ലാ ഗ്രാമ പ്രദേശങ്ങളിലും പദ്ധതി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വെെകി എന്നതാെരു യാഥാർത്ഥ്യമാണ്. സാമൂഹിക‑സാമ്പത്തിക‑ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ സഹായമെത്തിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ‘വയോരക്ഷ പദ്ധതി‘യും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ആരുടെയും തുണയും കരുതലും സഹായവുമില്ലാതെ ജീവിക്കുന്നവരും, ശാരീരികമായ അവശത അനുഭവിക്കുന്നവരും, പങ്കാളികൾ നഷ്ടപ്പെട്ട് ഒറ്റയ്ക്ക് ജീവിക്കുന്നതുമായ മുതിർന്ന പൗരന്മാർക്ക് അടിയന്തര വൈദ്യസഹായം, പുനരധിവാസം, സഹായികളെ ഉറപ്പുവരുത്തുക, അത്യാവശ്യഘട്ടങ്ങളിൽ നിയമ സഹായം എന്നിവയാണ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ.


ഇതുകൂടി വായിക്കൂ: അഗ്നിവീര്‍ പദ്ധതി മറ്റൊരു യുവജന വഞ്ചന


മന്ദഹാസം, സായംപ്രഭ ഹോമുകൾ, വയോ ക്ലബ്ബുകൾ, വയോമധുരം, മ്യൂസിക് തെറാപ്പി, സൈക്കോ സോഷ്യൽ കെയർ, വയോ അമൃതം തുടങ്ങിയ പദ്ധതികളും ഇടതുസർക്കാരിന്റെ സംഭാവനയാണ്‌. ബിപിഎൽ വിഭാഗത്തിൽപ്പെട്ട പ്രമേഹ രോഗികളായ വയോജനങ്ങൾക്ക്‌ സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്നതാണ് വയോമധുരം. സർക്കാർ വൃദ്ധസദനങ്ങളിലെ അന്തേവാസികൾക്ക്‌ ആയുർവേദ ചികിത്സ ഉറപ്പാക്കുന്നതാണ് വയോ അമൃതം. വയോജനങ്ങൾക്ക് ഒന്നിച്ചിരിക്കാനും പരസ്പരം വിഷമങ്ങൾ കെെമാറാനു ആരംഭിച്ചതാണ് ‘സായംപ്രഭ’ പകൽവീടുകൾ. ഇത് എല്ലാ ജില്ല‑ബ്ലോക്ക് തലങ്ങളിലും തുടങ്ങുമെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൃദ്ധസദനങ്ങളുടെ സൗകര്യങ്ങളും സേവനങ്ങളും ദേശീയ നിലവാരത്തിലേക്കുയർത്തുന്ന ‘സെക്കന്റ് ഇന്നിങ്സ് ഹോം’ പദ്ധതിയും എല്ലാ ജില്ലകളിലും നിലവിൽ വരും. വയോജനപരിപാലന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്കും, വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വയോജനങ്ങൾക്കും ‘വയോസേവന ’ പുരസ്കാരവും സര്‍ക്കാര്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

എൽഡിഎഫ്‌ സർക്കാരിന്റെ വയോജനസൗഹൃദ നയങ്ങളുടെ തുടർച്ചയാണ്‌ ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സർക്കാർ സേവനങ്ങൾ വയോജനങ്ങളുടെ വീട്ടിലെത്തിക്കാനുള്ള നീക്കം. ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങൾക്ക് എന്നും താങ്ങായി സർക്കാർ ഉണ്ട് എന്ന ബോധം അവരിലേക്ക് എത്താൻ നാളിതുവരെയുള്ള പദ്ധതികള്‍ വഴി കഴിഞ്ഞിട്ടുണ്ട്. എങ്കിലും വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെട്ട ജീവിതവും ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര‑സംസ്ഥാന സർക്കാരുകൾക്ക്‌ കീഴിൽ പ്രത്യേക വകുപ്പ്‌ വേണമെന്ന ആവശ്യം നിലനില്‍ക്കുന്നു. അതോടൊപ്പം വൃദ്ധജനങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ മനസിലാക്കി, പരിഹാര നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിന്‌ വയോജന കമ്മിഷന്‍ രൂപീകരിക്കണമെന്ന ആവശ്യവും നിലവിലുണ്ട്. അനുവദിച്ചിരുന്ന റെയില്‍വേ യാത്രാ ഇളവ് പോലും ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ കണ്ണു തുറന്നില്ലെങ്കിലും മുതിര്‍ന്ന പൗരന്‍മാരുടെ കെെപിടിക്കാന്‍ എന്നും ഒപ്പമുണ്ടാകും എന്ന് ഉറപ്പു നല്‍കുകയാണ് കേരളത്തിലെ ജനകീയ സര്‍ക്കാര്‍.

Exit mobile version