Site iconSite icon Janayugom Online

സിപിഐ ഇടുക്കി ജില്ലാ സമ്മേളനം: ബഫർസോൺ വിഷയത്തിൽ സർക്കാർ ജനങ്ങൾക്കൊപ്പം: മന്ത്രി പി പ്രസാദ്

ബഫർസോൺ വിഷയത്തിൽ സർക്കാർ ജനങ്ങളോടൊപ്പമാണെന്നും സാധാരണക്കാര്‍ക്ക് ദുരിതമുണ്ടാക്കുന്ന ഒരു നടപടിയും ഇടതു സർക്കാരിൽ നിന്ന് ഉണ്ടാകില്ലെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം അടിമാലിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിന്റെ ഉടമകളായ സാധാരണക്കാരനൊപ്പം നിന്നുകൊണ്ട് പൂർണാവകാശത്തോടുകൂടി ഏറ്റവുമധികം പട്ടയങ്ങൾ സാധാരണ ജനങ്ങളുടെ കൈകളിലെത്തിച്ചത് ഇടതു സർക്കാരാണ്. എന്നാൽ കൈയ്യേറ്റക്കാരെയും, കുടിയേറ്റക്കാരെയും വേർതിരിച്ചു കാണുന്ന നിലപാടാണ് ഈ സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ കേന്ദ്രങ്ങളിൽ നിന്ന് എത്തിയ ജാഥകൾ വൈകീട്ട് അഞ്ചുമണിയോടെ സമ്മേളന നഗരിയിൽ സംഗമിച്ചു. പതാക ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ബാനർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി യു ജോയിയും കൊടിമരം ഇ എസ് ബിജിമോളും ദീപശിഖ ജില്ലാ എക്സിക്യൂട്ടീവ് അംഗം പ്രിൻസ് മാത്യുവും ഏറ്റുവാങ്ങി. സംസ്ഥാന കൗൺസിലംഗം സി എ ഏലിയാസ് പതാക ഉയർത്തി. പൊതുസമ്മേളനത്തിൽ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ അധ്യക്ഷനായി. വാഴൂർ സോമൻ എംഎൽഎ, മുൻ എംഎൽഎ ഇ എസ് ബിജിമോൾ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ രാജൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ സി എ ഏലിയാസ് സ്വാഗതവും ട്രഷറർ വിനു സ്കറിയ നന്ദിയും പറഞ്ഞു.
ഇന്ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

Eng­lish Sum­ma­ry: Gov­ern­ment with peo­ple on buffer zone issue: Min­is­ter P Prasad

You may like this video also

Exit mobile version