Site iconSite icon Janayugom Online

സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം തുടങ്ങി: വികസനത്തില്‍ ജനപിന്തുണ സര്‍ക്കാരിന്റെ കരുത്ത്: മുഖ്യമന്ത്രി

Pinarayi VijayanPinarayi Vijayan

ജനങ്ങൾ നൽകുന്ന പിന്തുണയാണ് കരുത്തെന്നും കേരളത്തിലുള്ളത് നിക്ഷേപ സൗഹൃദ അന്തരീക്ഷമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം എല്‍ഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർവതലസ്പർശിയായ വികസനമാണ് കേരളം കണ്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നിലയിലല്ല. കേന്ദ്രം നൽകുന്ന വിഹിതം വെട്ടിക്കുറയ്ക്കുന്നു. എന്നാല്‍ നാടിന്റെ വികസനത്തിന് ഒരു കുറവും എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയിട്ടില്ല. കേരളത്തിൽ 62,000 കോടി രൂപയുടെ കിഫ്ബി പദ്ധതി തയാറാക്കി കഴിഞ്ഞു. പദ്ധതികൾ അനുവദിക്കുന്നതിൽ എൽഡിഎഫ്, യുഡിഎഫ് എന്ന വേർതിരിവ് കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം എല്ലാറ്റിനെയും എതിർക്കുകയാണ്. പ്രതിപക്ഷ എതിർപ്പ് നോക്കിയല്ല സർക്കാർ പ്രവർത്തിക്കുക. സിൽവർ ലൈൻ പദ്ധതിയെ കുറിച്ച് വളരെ വ്യക്തമായി ജനങ്ങൾ മനസിലാക്കി. ഒരു കേന്ദ്രമന്ത്രിയോടുള്ള ജനങ്ങളുടെ പ്രതികരണം ഇതിന് ഉത്തമ ഉദാഹരണമാണ്. എങ്ങനെയാണ് ഒരു മന്ത്രിക്ക് ഇത്തരം നിഷേധാത്മകമായ സമീപനം സ്വീകരിക്കാനാവുന്നത്. വി മുരളീധരന് കാര്യം ജനങ്ങളിൽ നിന്നും നേരിട്ട് മനസിലായി. പ്രധാനമന്ത്രിയുമായി ഈ വിഷയത്തിൽ ആരോഗ്യകരമായ ചർച്ച നടത്തിയതാണ്. എത്ര നല്ല സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരംഗത്തിന് എങ്ങനെ ഈ നിലപാട് സ്വീകരിക്കാനാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

നാടിനെ നവീകരിക്കുക എന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ. യൂണിവേഴ്സിറ്റികളിൽ 1500 പുതിയ ഹോസ്റ്റൽ മുറികൾ ഉണ്ടാക്കും. 250 ഇന്റർനാഷണൽ ഹോസ്റ്റൽ മുറികളും പണിയും. നമ്മുടെ വിദ്യാഭ്യാസ കേന്ദ്രങ്ങൾ മെച്ചപ്പെടുമ്പോൾ വിദേശങ്ങളിൽ നിന്ന് കുട്ടികൾ പഠിക്കാൻ വരും. 20 ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകാൻ കഴിയും വിധമാണ് യുവാക്കൾക്കായി പദ്ധതികൾ ആവിഷ്കരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനായി. പ്രതിസന്ധികൾക്ക് മുന്നിൽ കുലുങ്ങാതെ ലോകത്തിന് തന്നെ മാതൃക കാട്ടി ആറ് വർഷക്കാലം വികസന മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സർക്കാരാണിതെന്ന് കെ രാജൻ പറഞ്ഞു. ലോക്ഡൗണില്‍ സമൂഹ അടുക്കളകളിലൂടെയും സൗജന്യ ഭക്ഷ്യകിറ്റിലൂടെയും മികച്ച ആരോഗ്യ സംവിധാനത്തിലൂടെയും മനുഷ്യരെ മാത്രമല്ല സർവ ജന്തുജീവജാലങ്ങളെയും എൽഡിഎഫ് സർക്കാർ സംരക്ഷിച്ചു. ആശയപരമായ പ്രശ്നത്തിലുറച്ച് നിന്ന് ഒറ്റക്കെട്ടായി ഒരു മനസോടെ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള കരുത്ത് എൽഡിഎഫ് സർക്കാരിനുണ്ടെന്നും കെ രാജൻ പറഞ്ഞു.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം വി ഗോവിന്ദൻ, എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ പി മോഹനൻ എന്നിവർ പ്രസംഗിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷമുള്ള ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നാടിന്റെ നാനാതുറകളിലുള്ളവർ പങ്കാളികളായി.

ഗ്രാമ്യ നിടുവാലൂർ അവതരിപ്പിച്ച നാടൻ പാട്ട്, കേരള ക്ഷേത്ര കലാ അക്കാദമി അവതരിപ്പിച്ച പഞ്ചവാദ്യം എന്നിവ ഉദ്ഘാടനത്തിന് മുമ്പായി അരങ്ങേറി. സർക്കാർ അധികാരമേറ്റ മെയ് 20 വരെ നീളുന്ന വാർഷികാഘോഷ പരിപാടികൾക്കാണ് തുടക്കമായത്. എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ പ്രദർശന മേളയും നടക്കും.

 

Eng­lish Summary:Government’s first anniver­sary begins: Peo­ple’s sup­port for devel­op­ment Gov­ern­men­t’s strength: CM

You may like this video also

Exit mobile version