Site icon Janayugom Online

സര്‍ക്കാരിന്റെ ഇടപെടൽ: ബൈജൂസ് ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിച്ചു

byjus app

ബൈജൂസ് ആപ്പിന്റെ തിരുവനന്തപുരം ടെക്‌നോപാർക്കിലെ പ്രവർത്തനം തുടരുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം ലേബർ കമ്മിഷണർ ഡോ. കെ വാസുകി വിളിച്ചുചേർത്ത ബൈജൂസ് ആപ്പിന്റെ പ്രതിനിധികളുടെയും ജീവനക്കാരുടെയും യോഗത്തിലാണ് മാനേജ്‌മെന്റ് പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്. നിർബന്ധിതമായി രാജിവയ്പിച്ച ജീവനക്കാരെ തിരിച്ചെടുക്കുന്നതിനും തീരുമാനമായി.
ബൈജൂസ് ആപ്പ് ടെക്‌നോപാർക്കിലെ പ്രവർത്തനം യാതൊരു മുന്നറിയിപ്പും കൂടാതെ നിർത്താൻ തീരുമാനിച്ചതായും ജീവനക്കാരെ നിർബന്ധിത രാജിക്ക് പ്രേരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി ഐടി ജീവനക്കാരുടെ ക്ഷേമസംഘടന പ്രതിധ്വനി ഒക്‌ടോബർ 25ന് തൊഴിൽ മന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് പ്രശ്‌ന പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് തൊഴിൽ മന്ത്രി നിർദ്ദേശിച്ചതിനെ തുടർന്ന് ലേബർ കമ്മിഷണർ ഇരുകക്ഷികളുടെയും യോഗം വിളിച്ചു ചേർക്കുകയായിരുന്നു.
പരാതി നൽകിയ ജീവനക്കാർക്കെതിരെ യാതൊരു തരത്തിലുള്ള നടപടികളും പാടില്ലെന്നും കമ്പനിയിൽ തിരികെ പ്രവേശിക്കാൻ താല്പര്യമില്ലാത്ത ജീവനക്കാർക്ക് പരിചയ സർട്ടിഫിക്കറ്റ് അടക്കം നിയമപരമായി നൽകാനുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുന്നതിനും ലേബർ കമ്മിഷണറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
കേരളത്തിൽ നിലവിൽ 11 ഓഫീസുകളിലായി 3000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളിൽ തുടർന്നും ബൈജൂസിന്റെ മികച്ച സാന്നിധ്യമുണ്ടാകും. ഈ സാമ്പത്തിക വർഷത്തിൽ തന്നെ മൂന്ന് ഓഫീസുകൾ കൂടി കേരളത്തിൽ ആരംഭിക്കും. ഇതോടെ ആകെയുള്ള ഓഫീസുകളുടെ എണ്ണം 14 ആകും. 600 പുതിയ തൊഴിലവസരങ്ങൾ കൂടി ലഭ്യമാകുന്നതോടെ ജീവനക്കാരുടെ എണ്ണം 3600 ആയി ഉയരുമെന്നും ബൈജൂസ് വ്യക്തമാക്കി.
ബൈജൂസ് ആപ്പ് വൈസ് പ്രസിഡന്റ് ജയദേവ് ജി, പ്രതിധ്വനി സെക്രട്ടറി വിനീത് ചന്ദ്രൻ, സ്റ്റേറ്റ് കൺവീനർ രാജീവ് ചന്ദ്രൻ, ജീവനക്കാരുടെ പ്രതിനിധികളായ ലിജീഷ് സി എസ്, രാഹിൽ ഹരിദാസ്, ശാന്തനു കെ യു, മാത്യു ജോസഫ്, അഡീഷണൽ ലേബർ കമ്മിഷണർ കെ എം സുനിൽ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ സിന്ധു എസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Gov­ern­men­t’s inter­ven­tion: Byjus has with­drawn the dis­missal of the employees

You may also like this video

Exit mobile version