കേന്ദ്രസര്‍ക്കാരിനുള്ള മോശം ധാരണ തന്റെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന് ലഭിച്ച സാക്ഷ്യപത്രമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയുന്ന ജസ്റ്റിസ് അകിൽ അബ്ദുൽ ഹമീദ് ഖുറേഷി പറഞ്ഞു. ശനിയാഴ്ച രാജസ്ഥാന്‍ ഹൈക്കോടതിയിലെ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭരണഘടനാ കോടതി ജഡ്ജി എന്ന നിലയില്‍ എന്റെ പ്രാഥമിക ഉത്തരവാദിത്തം പൗരന്മാരുടെ മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുക എന്നതാണ്. സര്‍ക്കാരിന്റെ മോശം ധാരണ എന്റെ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിനുള്ള സര്‍ട്ടിഫിക്കറ്റായാണ് ഞാന്‍ കാണുന്നത്. അഭിമാനത്തോടെയും മനസാക്ഷിയോടുമാണ് ജോലി വിടുന്നതെന്നും ജസ്റ്റിസ് ഖുറേഷി പറഞ്ഞു.
ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരിക്കെ 2010ല്‍ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ അമിത് ഷായെ പൊലീസ് കസ്റ്റഡിയില്‍ വിട്ട ജഡ്ജിയാണ് ജസ്റ്റിസ് ഖുറേഷി. ഈ കേസിനെ ചൊല്ലി ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി പദവി രാജിവച്ച് ഒളിവിലായിരുന്ന അമിത് ഷാ 2010 ജൂലൈയിലാണ് അറസ്റ്റിലായത്. ഖുറേഷിയുടെ സ്ഥാനക്കയറ്റങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഏറെ ശ്രമങ്ങള്‍ നടത്തിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജി ആയിട്ടും സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാന്‍ മോഡി സര്‍ക്കാര്‍ തയാറായില്ല. ഇതിനായി കൊളീജിയം നിര്‍ദേശിച്ചെങ്കിലും പല തവണ മറ്റു ഹൈക്കോടതികളിലേക്ക് സ്ഥലം മാറ്റി സ്ഥാനക്കയറ്റം തന്ത്രപരമായി തടയുകയായിരുന്നു. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് 2019ല്‍ ശുപാര്‍ശ പിന്‍വലിക്കുകയായിരുന്നു.
ജസ്റ്റിസ് ഖുറേഷിയെ മധ്യപ്രദേശ് പോലുള്ള വലിയ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ആക്കേണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്. അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കൊളീജിയവും കേന്ദ്ര സര്‍ക്കാരും തമ്മിലുണ്ടാക്കിയ സന്ധി പ്രകാരം ജസ്റ്റിസ് ഖുറേഷിയെ ചെറിയ ഹൈക്കോടതിയായ ത്രിപുര ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി നിയമിക്കുകയായിരുന്നു. പിന്നീടാണ് രാജസ്ഥാനിലേക്ക് മാറ്റിയത്.
english summary; Government’s ‘negative perception’ a certificate of my judicial independence, says Justice Kureshi
you may also like this video;