Site iconSite icon Janayugom Online

പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക സര്‍ക്കാരിന്റെ നയം: മന്ത്രി പി രാജീവ്

പൊതുമേഖലാ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുക, മത്സരക്ഷമമാക്കുക, ലാഭകരമാക്കുക എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് നിയമ, വ്യവസായ, കയർ മന്ത്രി പി രാജീവ് പറഞ്ഞു. വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈൽ യൂണിറ്റുകളുടെ ഉല്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഒരു പദ്ധതി ലാഭകരമാകുന്നില്ലെങ്കിൽ അടുത്ത ഉല്പന്നം കൊണ്ടുവരികയാണ് ലക്ഷ്യം. പൊതുമേഖലയിൽ നിന്നുകൊണ്ട് തന്നെ ഇതിനായി സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനുള്ള അനുമതിയും സർക്കാർ നൽകും. വൈവിധ്യവത്കരണം നടപ്പാക്കി കമ്പോളത്തിന്റെ അഭിരുചിക്ക് അനുസൃതമായ ഉല്പന്നങ്ങളാണ് പൊതുമേഖലാ സ്ഥാപനങ്ങൾ വിപണിയിലിറക്കിയിരിക്കുന്നത്. ഗാർമെന്റ് നിർമ്മാണത്തിനുള്ള പദ്ധതി നടപ്പാക്കി വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷന്റെ (ബിപിടി) നേതൃത്വത്തിൽ സിഡിറ്റിന്റെ സഹായത്തോടെയാണ് എല്ലാ ടെക്സ്റ്റൈൽ യൂണിറ്റുകളുടെയും ഉല്പന്നങ്ങൾ ഇ ബിഡ്ഡിംഗ്, ഇ ലേലം എന്നിവയിലൂടെ വിൽക്കുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം (http://www.bpt.cditproject.org) വികസിപ്പിച്ചത്. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. വ്യവസായ, വാണിജ്യ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, ബിപിടി എക്സിക്യുട്ടീവ് ചെയര്‍മാൻ അജിത്കുമാർ കെ, മെമ്പർ സെക്രട്ടറി സതീഷ് കുമാർ പി തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതുമേഖലാ സ്ഥാപനങ്ങളായ കെൽട്രോൺ, കെൽട്രോൺ കംപോണന്റ് കോംപ്ലക്സ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്, ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോർപറേഷൻ, കാപെക്സ്, കേരള സ്റ്റേറ്റ് കയർ കോർപറേഷൻ, ഫോമാറ്റിങ്സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് കയർ മെഷിനറി കോർപറേഷൻ, ഹാൻവീവ് എന്നീ സ്ഥാപനങ്ങളുടെ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ ചടങ്ങില്‍ മന്ത്രി പുറത്തിറക്കി.

Exit mobile version