തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ദേശീയ പതാക ഉയർത്തി. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി.വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. കേരളീയർക്ക് ഗവർണർ മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ നേർന്നത്. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. നിയമസഭയ്ക്ക് മുന്നിൽ സ്പീക്കർ എ.എൻ ഷംസീർ പതാക ഉയർത്തി.
കൊല്ലം ആശ്രാമം മൈതാനിയിൽ മന്ത്രി കെ ബി ഗണേഷ് കുമാർ റിപ്പബ്ലിക് ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി. ആലപ്പുഴ പൊലീസ് ഗ്രൗണ്ടിൽ നടന്ന പരേഡില്‍ മന്ത്രി പി പ്രസാദ് സലൂട്ട് സ്വീകരിച്ചു. ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രതിഷ്ഠയെന്നും അതിൻ്റെ മുകളിൽ ഒരു പ്രതിഷ്ഠക്കും സ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട സ്റ്റേഡിയത്തില്‍ മന്ത്രി വീണാജോര്‍ജ് പതാക ഉയര്‍ത്തി. വിവിധ വിഭാഗങ്ങളുടെ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. കോട്ടയത്ത് മന്ത്രി വി എന്‍ വാസവന്‍ പതാക ഉയര്‍ത്തി പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി . ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാക്കാൻ സർക്കാർ ഇച്ഛാശക്തിയോടെ നടപടികൾ സ്വീകരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ദേശീയ പതാക ഉയർത്തി. കാക്കനാട് സിവില്‍ സ്റ്റേഷന്‍ പാരേഡ് ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ 25 പ്ലറ്റൂണുകളിലായി ആയിരത്തോളം പേര്‍ അണിനിരന്നു. മതബദ്ധമായ രാഷ്ട്രത്തിന് വികസിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
പാലക്കാട് കോട്ടമൈതാനിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി പതാക ഉയർത്തി. ജില്ലാ കലക്ടർ ഡോക്ടർ എസ് ചിത്ര, ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് എന്നിവർ പങ്കെടുത്തു. തൃശൂർ തേക്കിന്‍ക്കാട് മൈതാനിയിൽ മന്ത്രി കെ രാധാകൃഷ്ണന്‍ പതാക ഉയർത്തി.20 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. തൃശൂർ മേയര്‍ എം.കെ വര്‍ഗീസ്, ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, സിറ്റി ജില്ലാ പൊലീസ് മേധാവി അങ്കിത് അശോകന്‍, റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ദേശീയ പതാക ഉയര്‍ത്തി. സിവില്‍ സ്റ്റേഷനിലെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.എംഎസ്പി, പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലീസ്, എക്സൈസ്, വനിതാ പൊലീസ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നായി 34 പ്ലറ്റൂണുകൾ പരേഡില്‍ പങ്കെടുത്തു. കോഴിക്കോട് നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയർത്തി.
ക്യാപ്റ്റൻ വിക്രം മൈതാനിൽ 32 പ്ലറ്റൂണുകളാണ് പരേഡിൽ അണിനിരന്നത്.ഭരണഘടന മുല്ല്യങ്ങൾ ശക്തമായി ഉയർത്തിപ്പിടിക്കേണ്ട കാലമാണിതെന്ന് മന്ത്രി പറഞ്ഞു. വയനാട് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി. ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്,ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 26 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ രജിസ്ട്രേഷന്‍-പുരാവസ്തു- മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദേശീയ പതാക ഉയര്‍ത്തി .പരേഡില്‍ 33 പ്ലാറ്റൂണുകള്‍ അണിനിരന്നു. കാസർകോഡ് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പതാക ഉയര്‍ത്തിയത്. സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് മുൻഗണന നൽകണമെന്ന് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. 20 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.
English Summary;Republic Day Celebration: Governor and Ministers receive the parade
You may also like this video