ദേശവിരുദ്ധ പ്രവർത്തനം നടന്നുവെങ്കില്‍ എന്തുകൊണ്ട് അക്കാര്യം മുഖ്യമന്ത്രി തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ശ്രദ്ധയിൽപെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഉടൻ അറിയിക്കണം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത്നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശവിരുദ്ധർ ആരാണെന്നും ഏതൊക്കെ സംഘങ്ങളാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം.
മൂന്നു വർഷമായി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അത് എന്താണെന്നറിയാൻ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്. സംസ്ഥാന സർക്കാർ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി. ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് താന്‍ മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. അതും സര്‍ക്കാര്‍ ഗൗരവത്തിലെടുത്തിട്ടില്ല. കള്ളക്കടത്തിലൂടെ വരുന്ന പണവും സ്വര്‍ണ്ണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുവെന്ന് സെപ്റ്റംബര്‍ 31 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത് ആരാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിലും വിശദീകരണം തേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.