Site iconSite icon Janayugom Online

സംഘപരിവാര്‍ അജണ്ട കേരളത്തിലും നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു: ഇ പി ജയരാജന്‍

സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി അത്യസാധാരണമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ച് സംഘപരിവാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഗവര്‍ണര്‍ തന്റെ അധികാരത്തെ ദുര്‍വിനിയോഗം നടത്തുകയാണെന്നും ആര്‍എസ്എസ് തലവനുമായി തൃശൂരില്‍ നടത്തിയ കൂടിക്കാഴ്ചയുടെ തീരുമാനങ്ങളാണോ അദ്ദേഹം കേരളത്തില്‍ നടപ്പാക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജയരാജന്‍ പറഞ്ഞു.

സര്‍വകലാശാലകളെ വരുതിയിലാക്കി രാജ്യത്തെ ആകെ വിദ്യാഭ്യാസ രംഗത്തെ അട്ടിമറിക്കാനും ചരിത്രത്തെ തിരുത്തിയെഴുതാനും സംഘപരിവാര്‍ നടത്തുന്ന ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലും നടപ്പാക്കാനുള്ള ശ്രമങ്ങളാണിത്. ഈ ഫാസിസ്റ്റ് സമീപനത്തെ ഒറ്റക്കെട്ടായി ചെറുത്തുതോല്പിക്കേണ്ടതുണ്ട്. ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള ചാന്‍സിലറുടെ നടപടികള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. നിയമപരമായും രാഷ്ട്രീയമായും ഈ നീക്കത്തിനെതിരെ രംഗത്തിറങ്ങുമെന്നും ജയരാജന്‍ പറഞ്ഞു. ചാന്‍സിലര്‍ ഉന്നത വിദ്യാഭ്യാസമേഖലയെ ആകെ അലങ്കോലപ്പെടുത്തുകയാണ്.

രാഷ്ട്രീയ ലക്ഷ്യംവെച്ചുകൊണ്ടാണ് ചാന്‍സിലര്‍ പ്രവര്‍ത്തിക്കുന്നത്. സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വീണ്ടും കൊടികുത്തി വാഴുന്ന സ്ഥിതിയാണുള്ളത്. ഇതിനെതിരെ പുതിയ തലമുറയില്‍ ശാസ്ത്രബോധം വളര്‍ത്തിയെടുക്കണം. എന്നാല്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ തിരുകിക്കയറ്റി ബിജെപിയും ആര്‍എസ്എസ്സും സംഘപരിവാരവും വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുകയാണ്. ശാസ്ത്രബോധത്തില്‍ നിന്ന് അവരെ മാറ്റി വിശ്വാസത്തിലേക്കും അനാചാരങ്ങളിലേക്കും നയിച്ച് അവരുടെ ബുദ്ധിവികാസത്തെ മരവിപ്പിക്കുകയാണ്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സംഘപരിവാര്‍, എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കി ശാസ്ത്രചിന്ത വളര്‍ത്തി തലമുറയെ ചിന്താശേഷിയുള്ളവരാക്കി അഭിവൃദ്ധിയിലേക്ക് നയിക്കുന്ന കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിന് ചാന്‍സലറും കൂട്ടു നില്‍ക്കുന്നു.

ഒറ്റയടിക്ക് 36 ഉപഗ്രഹങ്ങളെയാണ് ഇന്നലെ ഐഎസ്ആര്‍ഒ ഭ്രമണപഥത്തില്‍ എത്തിച്ചത്. ആ ഐഎസ്ആര്‍ഒയുടെ ചെയര്‍മാന്‍ കേരളീയനാണ്. ഇതൊക്കെയാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ സവിശേഷതകള്‍. അങ്ങിനെയുള്ള ഈ കാലഘട്ടത്തില്‍ എന്തിനാണ് ഈ വിദ്യാഭ്യാസ മേഖലയെ അലങ്കോലപ്പെടുത്തി അശാന്തിയുടെ കാലമായി മാറ്റുന്നത്. അശാസ്ത്രീയമായ പ്രവര്‍ത്തനത്തിലൂടെ കേരളത്തിന്റെ വിദ്യാഭ്യാസ മേന്മയേയും ഗുണനിലവാരത്തേയും ഇല്ലാതാക്കി വരുംതലമുറയെ വഴിതെറ്റിക്കാനുള്ള ബുദ്ധിയാണ് ഇതിന് പിന്നില്‍ പ്രകടമായി കാണുന്നത്. ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ മുന്നണിയുടെയോ പ്രശ്‌നമായിട്ട് മാത്രമല്ല, കേരള സമൂഹത്തിന്റെ ആകെ പ്രശ്‌നമായിട്ടാണ് ഇതിനെ കാണേണ്ടത്.

രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ചാന്‍സിലറുടെ ഈ നടപടികള്‍ കേരളത്തിന്റെ ഭാവിയെ തകര്‍ക്കും. രാജ്യത്തെ ആകെ ഹിന്ദുത്വവല്‍കരിക്കുക എന്ന ലക്ഷ്യം നടപ്പാക്കാന്‍ വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുക എന്ന നയമാണ് സംഘപരിവാര്‍ സ്വീകരിക്കുന്നത്. അതിന് വേണ്ടി നിലമൊരുക്കിക്കൊടുക്കുകയാണ് ചാന്‍സിലര്‍. ഭരണഘടനാ പദവിയെ ദുരുപയോഗം ചെയ്ത് ആര്‍എസ്എസ്സിന്റെ ചട്ടുകമായി മാറുകയാണ് ചാന്‍സിലര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ചാന്‍സിലറുടെ ഇപ്പോഴത്തെ കേട്ടുകേള്‍വിപോലുമില്ലാത്ത ഈ നടപടിക്കെതിരെ രംഗത്തുവരേണ്ടതുണ്ടെന്നും ഭരണഘടനാ മൂല്യങ്ങളെ തകര്‍ത്തെറിഞ്ഞുകൊണ്ടുള്ള ജനാധിപത്യ ധ്വംസനത്തിരെ പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. 

Eng­lish Summary:
Gov­er­nor try­ing to imple­ment Sangh Pari­var agen­da in Ker­ala too: EP Jayarajan

You may also like this video:

Exit mobile version