Site iconSite icon Janayugom Online

ഗവർണറുടെ നടപടി പദവിക്ക് നിരക്കാത്തത്: എഐവൈഎഫ്

ഗവർണറുടെ നടപടി പദവിക്ക് നിരക്കാത്തതാണെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ കുറ്റപ്പെടുത്തി. സർവകലാശാലകളുടെ തലവൻ എന്ന നിലയ്ക്ക് എന്തെങ്കിലും തെറ്റ് ബോധ്യപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി എടുക്കുകയാണ് അദ്ദേഹം ചെയ്യേണ്ടത്. യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ എന്തെങ്കിലുമുണ്ടായാൽ നിയന്ത്രിക്കപ്പെടേണ്ടതാണ്. എന്നാൽ ചാൻസിലർ ആയ ഗവർണർ ഇടക്കിടെ ആരോപണങ്ങളുന്നയിക്കുകയാണ് ചെയ്യുന്നതെന്ന് ‍തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയവെ നേതാക്കൾ വ്യക്തമാക്കി. 

കെ റയിൽ പദ്ധതിയെ പരിപൂർണമായി തള്ളുന്ന നിലപാട് എഐവൈഎഫിനില്ലെന്നും കാലാനുസൃതമായ വികസനം നടപ്പിലാക്കണമെന്നാണ് സംഘടനയുടെ നിലപാട്. ഏത് പദ്ധതിക്കെതിരെയും സമരം ചെയ്യുമെന്ന കെ സുരേന്ദ്രന്റെയും കെ സുധാകരന്റെയും മതമൗലിക സംഘടനകളുടെയും നിലപാട് കേരളീയ സമൂഹം അംഗീകരിക്കില്ല. എന്നാൽ പദ്ധതി സംബന്ധിച്ച് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതുണ്ട്. രോഗികളെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിൽ നിന്നും ഡോക്ടർമാർ പിന്മാറണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 

ജാതിയുടെയും മതത്തിന്റെയും വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും സംസ്കാരത്തിന്റെയും പേരിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോഡി സർക്കാരിന്റെയും സംഘപരിവാറിന്റെയും ശ്രമങ്ങൾക്കെതിരായി രാജ്യത്ത് നടക്കുന്ന മുൻനിര പോരാട്ടങ്ങൾക്ക് കൂടുതൽ ശക്തമായി നേതൃത്വം നൽകുവാൻ കണ്ണൂരിൽ ചേർന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനം തീരുമാനിച്ചതായും നേതാക്കള്‍ അറിയിച്ചു. ലക്ഷദ്വീപിൽ നിന്നും നാല് പേരടക്കം 377 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തതെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ, ജില്ലാ സെക്രട്ടറി അഡ്വ. ആർ എസ് ജയൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
eng­lish summary;Governor’s action unaf­ford­able: AIYF
you may also like this video;

YouTube video player
Exit mobile version