Site iconSite icon Janayugom Online

സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം; നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍മാര്‍ വേഗം അനുമതി നല്‍കണം

നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ക്ക് എത്രയും വേഗം അനുമതി നല്‍കാന്‍ ഗവര്‍ണര്‍മാര്‍ തയ്യാറാകണമെന്ന് സുപ്രീം കോടതി നിരീക്ഷണം. തെലങ്കാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിഷയത്തില്‍ തെലങ്കാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും സോളിസിറ്റര്‍ ജനറലും തമ്മില്‍ കോടതിയില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്കും ഇന്നലെ സുപ്രീം കോടതി സാക്ഷിയായി. നിയമസഭ പാസാക്കിയ പത്ത് ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നത് ഗവര്‍ണര്‍ തമിഴിസൈ സുന്ദരരാജന്‍ വൈകിപ്പിക്കുകയാണെന്നും ബില്‍ പാസാക്കാന്‍ ബന്ധപ്പെട്ട നടപടികളും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ കക്ഷിയായ ബിആര്‍എസിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്. 

ഗവര്‍ണര്‍ക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പത്ത് ബില്ലുകള്‍ക്കും അനുമതി നല്‍കിയെന്ന് കോടതിയെ അറിയിച്ചു. ഇതോടെ കേസ് കോടതി തള്ളുകയും ചെയ്തു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാര്‍ ബില്ലിന് അനുമതി നല്‍കുന്നത് അനിശ്ചിത കാലത്തേക്ക് വൈകിപ്പിക്കുന്ന നടപടിക്ക് ഒറ്റത്തവണയായി തീര്‍പ്പ് ഉണ്ടാക്കണമെന്ന് ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടു. ഇതോടെ കേന്ദ്ര സര്‍ക്കാരിനെയും തെലങ്കാന സര്‍ക്കാരിനെയും പ്രതിനിധീകരിച്ച അഭിഭാഷകര്‍ തമ്മിലുള്ള ശക്തമായ പോരിന് സുപ്രീം കോടതി വേദിയായി.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ നിയമ നിര്‍മ്മാണത്തിനായി ഗവര്‍ണറുടെ ഔദാര്യത്തിന് കാത്തുകെട്ടി കിടക്കുന്ന അവസ്ഥയാണുള്ളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരമൊരു സ്ഥിതി നിലനില്‍ക്കുന്നത്. മധ്യ പ്രദേശില്‍ ബില്ലിന് അനുമതി നല്‍കാന്‍ ഒരാഴ്ച, ഗുജറാത്തില്‍ ഇത് ഒരു മാസത്തോളം മാത്രം. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ഗവര്‍ണര്‍മാര്‍ പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബില്ലുകള്‍ വൈകിപ്പിക്കുകയാണെന്നും ദാവെ ചൂണ്ടിക്കാട്ടി.

ദാവെയുടെ വാദമുഖങ്ങളെ എതിര്‍ത്ത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത രംഗത്തെത്തി. വിഷയം സാമാന്യവല്‍ക്കരിക്കരുതെന്ന് മേത്ത പറഞ്ഞു. തുടര്‍ന്ന് ഇരുവരും വാഗ്വാദം തുടര്‍ന്നതോടെ സുപ്രീം കോടതി ഇടപെട്ടു. ഭരണഘടന ആര്‍ട്ടിക്കിള്‍ 200 പ്രകാരം അനുമതിക്കായി സമര്‍പ്പിക്കുന്ന ബില്ലുകള്‍ കഴിവതും വേഗത്തില്‍ അനുമതി നല്‍കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിയമ നിര്‍മ്മാണ സഭകളുടെ അനുമതി തേടേണ്ട ബജറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ഈ ഗണത്തില്‍ നിന്നും ഒഴിവാക്കുന്നു. ബില്ലിന്റെ അനുമതി കഴിവതും വേഗത്തിലാക്കണമെന്ന ഭരണഘടനാ വ്യവസ്ഥ കണക്കിലെടുത്താകണം ഗവര്‍ണര്‍മാര്‍ തീരുമാനം എടുക്കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി. 

Eng­lish Sum­ma­ry: Gov­er­nors should quick­ly give assent to bills passed by the legislature

You may also like this video

Exit mobile version