Site iconSite icon Janayugom Online

ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; സുരക്ഷാവീഴ്ചയിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ജയിൽചാടിയ സൗമ്യ വധക്കേസ് പ്രതി ​ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് റിമാൻഡ് ചെയ്ത് അയച്ചത്. ഇന്ന് അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. വിയ്യൂരിലേക്കുള്ള മാറ്റം ജയിൽ വകുപ്പ് തീരുമാന പ്രകാരമാണ്. പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്.

ജയിലിലെ സുരക്ഷാവീഴ്ചയിൽ വിശദീകരണം തേടി ഉന്നതോദ്യോഗസ്ഥരെ മുഖ്യമന്ത്രി അടിയന്തര യോഗത്തിനു വിളിച്ചു. ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. ജയിൽ ചാടാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന് അഭ്യൂഹമുയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളുൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യും. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കെയാണ് വെള്ളിയാഴ്ച പുലർച്ചെ ഗോവിന്ദച്ചാമി ജയിൽ ചാടിയത്. 

രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്. പുലർച്ചെ 1.15നാണ് ഇയാള്‍ ജയിൽ ചാടിയത്. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽനിന്ന് താഴേക്കിറങ്ങുകയായിരുന്നു.

Exit mobile version