ക്ഷാമബത്ത കുടിശിക അനുവദിക്കുക, ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം സംബന്ധിച്ചുള്ള യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള കണക്കുകള്‍ മറ്റ് ചെലവുകളുമായി കൂട്ടിച്ചേര്‍ത്ത് പെരുപ്പിച്ച് കാണിക്കുന്ന ഒരു ശൈലിയാണ് സര്‍ക്കാരുകള്‍ തുടരുന്നത്.
2019ന് ശേഷം ജീവനക്കാര്‍ക്ക് നാളിതുവരെയായി ശമ്പളത്തില്‍ ഒരു രൂപയുടെ വര്‍ധനവ് പോലും ഉണ്ടായിട്ടില്ലെന്നും വില സൂചിക 100 ശതമാനത്തിലധികം വര്‍ധിച്ച് ജീവിത ചെലവ് അനിയന്ത്രിതമായ ഈ ഘട്ടത്തില്‍ സാധാരണക്കാരായ ജീവനക്കാരെല്ലാം വായ്പയെടുത്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രളയവും കോവിഡും ഒക്കെ വന്നപ്പോള്‍ അതിനെ അതിജീവിക്കാന്‍ സര്‍ക്കാരിനോടൊപ്പം ജീവനക്കാര്‍ നിന്നു. ജീവനക്കാര്‍ തഴയപ്പെടേണ്ടവരല്ലെന്ന് സര്‍ക്കാര്‍ ഓര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. താഴ്ന്ന ശമ്പളക്കാരന്റെ ആശ്രയമായിരുന്ന ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കണം.
മുഴുവന്‍ ജീവനക്കാരെയും പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരികെ കൊണ്ടു വരുന്നതിനും സര്‍ക്കാര്‍ നടപടിയെടുക്കണം. മെഡിസെപിലൂടെ ജീവനക്കാരെ പിഴിയുന്ന ആശുപത്രികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പദ്ധതി കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ കെ ഷാനവാസ് ഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി കെ മധു, യു സിന്ധു, എസ് ആര്‍ രാഖേഷ്, ആര്‍ സിന്ധു, ബീനാഭദ്രന്‍, വി ശശികല, സൗത്ത് ജില്ലാ പ്രസിഡന്റ് വിനോദ് വി നമ്പൂതിരി, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സതീഷ്‌കണ്ടല എന്നിവര്‍ പ്രസംഗിച്ചു.
English Summary: Govt should be ready to release salary details of employees: Joint Council
You may also like this video