Site iconSite icon Janayugom Online

കര്‍ണാടകയില്‍ ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ സിര്‍വാറിലാണ് സംഭവം. സിര്‍വാറിലെ താലൂക്ക് പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസറായ പ്രവീണ്‍ കുമാറിനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. ഒക്ടോബര്‍ 12ന് ലിംഗസുഗുറില്‍ നടന്ന ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളില്‍ പ്രവീണ്‍ കുമാര്‍ പങ്കെടുത്തിരുന്നു.ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രവീണ്‍കുമാര്‍ ആര്‍എസ്എസിന്റെ യൂണിഫോമില്‍ കയ്യില്‍ വടിയുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

ലിംഗസുഗുര്‍ എംഎല്‍എ മനപ്പ വജ്ജലിന്റെ പിഎ കൂടിയാണ് പ്രവീണ്‍ കുമാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട പൊതുചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി.2021‑ലെ കര്‍ണാടക സിവില്‍ സര്‍വീസസ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് നടപടി. റായ്ച്ചൂര്‍ ജില്ലാ പഞ്ചായത്ത് സിഇഒയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് രാജ് വകുപ്പ് കമ്മീഷണര്‍ അരുന്ധതി ചന്ദ്രശേഖറാണ് പ്രവീണിനെതിരെ സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്. പ്രവീണ്‍ കുമാറിനെതിരെ വകുപ്പുതല അന്വേഷണവും നടത്തും.

Exit mobile version