Site iconSite icon Janayugom Online

പവൻ ഹാൻസ് വില്പന ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ഹെലിക്കോപ്റ്റര്‍ സേവന ദാതാവ് പവൻ ഹാൻസിന്റെ 51 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം പിൻവലിച്ച് കേന്ദ്ര സര്‍ക്കാര്‍. വില്‍പ്പന നടപടികള്‍ നിര്‍ത്തലാക്കുന്ന കാര്യം മന്ത്രിതല ഉപസമിതി പരിഗണിക്കുന്നതായി ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ലേലം ഉറപ്പിച്ച വ്യക്തിയുടെ മേലുള്ള ആരോപണമാണ് വില്‍പ്പന വേണ്ടെന്ന തീരുമാനത്തിലെത്തിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. 51 ശതമാനം ഓഹരി 211 കോടി രൂപയില്‍ അല്‍മാസ് ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റി ഫണ്ട് നേതൃത്വം നല്‍കുന്ന സ്റ്റാര്‍ 9 മൊബിലിറ്റിയായിരുന്നു ലേലത്തില്‍ പിടിച്ചത്. 49 ശതമാനം ഓഹരി ഒഎൻജിസിയുടെ ഉടമസ്ഥതയിലാണ്. പവൻ ഹാൻസിന് 41 ഹെലിക്കോപ്റ്ററുകളാണുള്ളത്. 

അല്‍മാസ് ഗ്ലോബലിനെതിരായ കല്‍ക്കട്ട ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് കേന്ദ്രം വില്‍പ്പന വേണ്ടെന്നുവച്ചതെന്നാണ് സൂചന. 2016ലാണ് പവൻ ഹാൻസ് വില്പനക്ക് സാമ്പത്തിക കാര്യ ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ഇത് നാലാം തവണയാണ് പവൻ ഹാൻസ് വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമം പരാജയപ്പെടുന്നത്. പുതിയ പൊതുമേഖലാ സ്ഥാപന നിയമമനുസരിച്ച് നഷ്ടത്തിലായ കമ്പനികള്‍ വില്പന നടത്താൻ ശ്രമിച്ച് പരാജയപ്പെട്ടാന്‍ അടച്ചുപൂട്ടാൻ സര്‍ക്കാരിന് അധികാരമുണ്ട്. 

സെൻട്രല്‍ ഇലക്ട്രോണിക്സിന് ശേഷം നിയമക്കുരുക്കില്‍ പെട്ട് വില്‍പ്പന നടക്കാതെ പോകുന്ന രണ്ടാമത്തെ കമ്പനിയാണ് പവൻ ഹാൻസ്. ധന, ഗതാഗത, വ്യോമയാന മന്ത്രിമാരടങ്ങുന്ന ഉപസമിതി പവൻ ഹാൻസ് വില്പന ഉപേക്ഷിക്കുന്നത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തിവരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

Eng­lish Summary:Govt to aban­don Pawan Hans sale

You may also like this video

Exit mobile version