Site iconSite icon Janayugom Online

സിവിക്ക് ചന്ദ്രന്റെ ജാമ്യം റദ്ധാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ സിവിക് ചന്ദ്രന് എതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്. സെഷൻസ് കോടതി ജാമ്യം ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെടും. കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചത്. 

ജാമ്യ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നതാണ് സർക്കാർ വാദം. ഉത്തരവിൽ പറഞ്ഞ കാര്യം പരിഷ്കൃത സമൂഹത്തിനു അംഗീകരിക്കാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. സെഷൻസ് കോടതിയിൽ മുൻകൂ‍ർ ജാമ്യ ഹർജിയിലെ വാദത്തിനിടെ പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനിൽക്കില്ലെന്നുമാണ് കോടതി പറഞ്ഞത്. ഓഗസ്റ്റ് 12ന് മുൻകൂർ ജാമ്യം നൽകിയിരുന്നുവെങ്കിലും ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. 

ഉത്തരവിൽ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തിൽ ഉന്നതപദവിയുള്ളയാൾ പീഡനം നടത്താനിടയില്ലെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിഗമനങ്ങളും ശരിയല്ലെന്നും വിമർശനമുയരുന്നുണ്ട്. പരാതിക്കാരി പട്ടികജാതിക്കാരിയായതിനാൽ എസ്‌സി-എസ്ടി നിയമ പരിരക്ഷ ഉണ്ട്. എന്നാൽ സിവികിന് ജാതിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്‌സി-എസ്ടി നിയമം നിലനിൽക്കില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജാതിയില്ല എന്ന് സിവികിന്റെ എസ്എസ്എൽസി ബുക്കിലുണ്ട്. അദ്ദേഹം സാമൂഹ്യ പരിഷ്കർത്താവാണ് എന്നും കോടതി പറയുന്നു. അത്തരമൊരാൾക്കെതിരെ എങ്ങിനെ എസ്‌സി- എസ്ടി അതിക്രമ നിരോധന നിയമം ചുമത്തും എന്നാണ് കോടതിയുടെ ചോദ്യം. 

Eng­lish sum­ma­ry; Govt to High Court to revoke civic chan­dran’s bail

You may also like this video;

Exit mobile version