Site iconSite icon Janayugom Online

പ്രവാസികളെ ദ്രോഹിയ്ക്കുന്ന മാർഗ്ഗനിർദേശങ്ങൾ കേന്ദ്രസർക്കാർ പിൻവലിയ്ക്കുക: നവയുഗം

പ്രതീകാത്മക ചിത്രം

മൂന്നു ദിവസം മുമ്പു കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച, വിദേശത്തു നിന്നും ഇന്ത്യയിൽ എത്തുന്ന യാത്രക്കാർക്കുള്ള പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ, പ്രവാസികളെ ദ്രോഹിയ്ക്കുന്നവയാണ് എന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആരോപിച്ചു. കൈക്കുഞ്ഞുങ്ങൾക്കുൾപ്പെടെ യാത്രക്കാർ മുഴുവൻ 72 മണിക്കൂറിനുള്ളിൽ എടുത്ത RT-PCR ടെസ്റ്റ് റിസൾട്ട്  എയർ സുവിദ പോർട്ടലിൽ യാത്രയ്ക്ക് മുൻപേ അപ്‌ലോഡ് ചെയ്യണമെന്നും, സെൽഫ് ഡിക്ലറേഷൻ ഫോമും, കോവിഡ്  ടെസ്റ്റ് റിസൾട്ടും പ്രിന്റ് ഔട്ട് എടുത്ത് എയർപോർട്ടിൽ നൽകണമെന്നും പുതിയ നയത്തിൽ പറയുന്നു.
മുൻപ് എമർജൻസി യാത്രക്കാർക്കു നൽകിയിരുന്ന ഇളവ് ഇനി മുതൽ അനുവദിക്കുന്നതല്ല എന്നും പുതിയ നിബന്ധനയിൽ പറയുന്നു. രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കോ, വിദേശങ്ങളിൽ നിന്നും ജയിൽ മോചിതരാകുന്നവർക്കോ, നാട് കടത്തപ്പെടുന്നവർക്കോ പോലും ഇനി മുതൽ ഇളവില്ല.
കൊറോണയും, വിവിധ ഗൾഫ് രാജ്യങ്ങളിലെ സ്വദേശീവൽക്കരണവും കാരണം ജോലി നഷ്ടമായും, ഒട്ടേറെ സാമ്പത്തിക ബാധ്യത നേരിട്ടും നാട്ടിലേയ്ക്ക് മടങ്ങുന്ന  പ്രവാസികൾക്ക് വലിയൊരു തിരിച്ചടിയാണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ. കോവിഡ് രോഗബാധ തുടങ്ങി ഇന്നുവരെ പ്രവാസികൾക്കായി ഒന്നും ചെയ്യാത്ത കേന്ദ്രസർക്കാർ, പ്രവാസികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്ന നയങ്ങളാണ് എപ്പോഴും സ്വീകരിച്ചു വരുന്നത്. പ്രവാസികൾക്ക് ദ്രോഹകരമായ ഇത്തരം നിബന്ധനകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും, അതിനായി  എല്ലാ പ്രവാസി സംഘടനകളും, കൂട്ടായ്മകളും  ഒറ്റക്കെട്ടായി ഉച്ചത്തിൽ ശബ്ദമുയർത്തണമെന്നുo നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് മഞ്ജു മണികുട്ടനും, ജനറൽ സെക്രട്ടറി വാഹിദ് കാര്യറയും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Eng­lish Sum­ma­ry: Govt with­draws guide­lines that hurt expa­tri­ates: Navayugam

 

You may like this video also

Exit mobile version