Site iconSite icon Janayugom Online

സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ്; വിതരണോദ്ഘാടനം തിങ്കളാഴ്ച

ഓണത്തിന് എല്ലാ റേഷൻ കാര്‍ഡുടമകള്‍ക്കും നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം 22 ന് വൈകിട്ട് നാലിന് അയ്യന്‍കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജില്ലാതല വിതരണോദ്ഘാടനം അന്നേദിവസം തന്നെ ജില്ലാ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട ജനപ്രതിനിധികൾ നിർവഹിക്കും. തുണി സഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. 23 മുതല്‍ കിറ്റ് വിതരണം ആരംഭിക്കും. ഓഗസ്റ്റ് 23, 24 ‑മഞ്ഞ കാർഡ്, 25, 26, 27- പിങ്ക് കാർഡ്, 29, 30, 31 — നീല കാർഡ്, സെപ്റ്റംബർ ഒന്ന്, രണ്ട്, മൂന്ന് ‑വെള്ള കാർഡ് എന്നിങ്ങനെയായിരിക്കും കിറ്റ് വിതരണം. സെപ്റ്റംബർ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നിശ്ചയിക്കപ്പെട്ട തീയതികളിൽ വാങ്ങാൻ കഴിയാത്ത എല്ലാ കാർഡുടകൾക്കും വാങ്ങാം. സെപ്റ്റംബർ നാല് (ഞായറാഴ്ച) റേഷൻ കടകൾക്ക് പ്രവൃത്തി ദിവസമായിരിക്കും. സെപ്റ്റംബർ ഏഴാം തീയതിക്കു ശേഷം സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ വിതരണം ഉണ്ടായിരിക്കില്ല.

എല്ലാ കാർഡുടമകളും അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ കിറ്റുകൾ കൈപ്പറ്റാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോർട്ടബിലിറ്റി സംവിധാനം കിറ്റുകൾ കൈപ്പറ്റുന്ന കാര്യത്തിൽ ഒഴിവാക്കണം. സംസ്ഥാനത്ത് സപ്ലൈകോയുടെ 56 ഡിപ്പോകൾ കേന്ദ്രീകരിച്ച് 1400 ല്‍ പരം കേന്ദ്രങ്ങളില്‍ പായ്ക്കിങ് പുരോഗമിച്ചു വരികയാണ്. പരമാവധി 87 ലക്ഷം ഭക്ഷ്യക്കിറ്റുകളുടെ വിതരണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ എഎവൈ കാര്‍ഡുടമകള്‍ക്കും ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കില്‍ വിതരണം ചെയ്യും. എല്ലാ മുന്‍ഗണനേതര കാര്‍ഡുടമകള്‍ക്കും 10 കിലോ അരി 10.90 രൂപ നിരക്കില്‍ നല്‍കുവാനും തീരുമാനിച്ചിട്ടുണ്ട്. കാര്‍ഡ് പ്രകാരമുള്ള അരി വിഹിതം കുറവായതുകൊണ്ടാണ് മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

 

അരിവില വര്‍ധന: ഭക്ഷ്യവകുപ്പ് ഇടപെടല്‍ ഫലപ്രദം

സംസ്ഥാനത്ത് അരിവില വര്‍ധന സാധാരണക്കാരനെ ബാധിക്കാത്ത രീതിയില്‍ ഭക്ഷ്യവകുപ്പ് ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍. സപ്ലൈകോ ഔട്ട്‌ലറ്റുകളിലൂടെ വില്പന നടത്താന്‍ അരിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. 700 ലോഡ് അരി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry; Gov­t’s free Onakit; Dis­tri­b­u­tion opens on Monday

You may also like this video;

Exit mobile version