എജ്യുക്കേഷണൽ മിനിസ്റ്റേഴ്സ് ട്രോഫി രൂപകല്പന ചെയ്ത് അഭിനന്ദു എസ് ആചാര്യയ്ക്കു സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർ സെക്കന്‍ഡറി വിഭാഗം പ്രവൃത്തി പരിചയമേളയിലെ ക്ലേ മോഡലിങ്ങിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം. സംസ്ഥാന ശാസ്ത്രോത്സവത്തിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സംഘാടക സമിതി ആദ്യമായി ഏർപ്പെടുത്തിയ എജ്യുക്കേഷണൽ മിനിസ്റ്റേഴ്സ് ട്രോഫിയാണ് അതേമേളയിലെ മത്സരാർത്ഥിയായ അഭിനന്ദു നിർമ്മിച്ചത്. അഭയാർത്ഥികൾ എന്ന വിഷയത്തിൽ ശില്പം നിർമ്മിക്കാനായിരുന്നു ക്ലേ മോഡലിങ്ങിലെ വിഷയം. നിലത്തു കിടക്കുന്ന അച്ഛന് സമീപത്ത് കുഞ്ഞുമായി ഇരിക്കുന്ന അമ്മയുടെ ശില്പമാണ് അഭിനന്ദു നിർമ്മിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാന ശാസ്ത്രോത്സവത്തിൽ ക്ലേ മോഡലിങ്ങിൽ എ ഗ്രേഡ് നേടുന്നുണ്ട്. കറ്റാനം പോപ് പയസ് എച്ച്എസ് എസിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ്. ഹൗസ്ബോട്ടും ചുണ്ടൻവള്ളവും തെങ്ങും ലൈറ്റ്ഹൗസും രണ്ടു കുട്ടികളും ഉൾപ്പെടുന്നതാണു രണ്ടടി ഉയരമുള്ള എജ്യുക്കേഷണൽ മിനിസ്റ്റേഴ്സ് ട്രോഫി. അഭിനന്ദുവിനെ ട്രോഫി നിർമ്മാണത്തിനായി ബന്ധപ്പെട്ടത് ട്രോഫി കമ്മിറ്റി കൺവീനർ എം മഹേഷാണ്. ട്രോഫി നിർമ്മിച്ചതിന് സമാപന സമ്മേളന വേദിയിൽ അഭിനന്ദുവിനെ ആദരിക്കുകയും ചെയ്തു. 2020ൽ ഏഴു മില്ലീമീറ്റർ മാത്രം വലുപ്പത്തിൽ ഏഷ്യയിലെ ഏറ്റവും ചെറിയ നന്ദികേശനെ നിർമിച്ച് അഭിനന്ദു നേരത്തെ ശ്രദ്ധ നേടിയിരുന്നു. കറ്റാനം വെട്ടിക്കോട് നന്ദനത്തിൽ സുരേഷിന്റെയും സൗമ്യയുടെയും മകനാണ് അഭിനന്ദു. ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ കഴിഞ്ഞ മൂന്നു വർഷങ്ങളായി ബ്രഹ്മവില്ല് നിർമ്മിച്ചു നൽകുന്നത് അഭിനന്ദുവാണ്.