Site iconSite icon Janayugom Online

ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും ചുട്ടുകൊന്ന കേസ്; പ്രതിയെ ജയിൽ മോചിതനാക്കി ഒഡിഷയിലെ ബിജെപി സർക്കാർ

ഓസ്ട്രേലിയൻ ക്രിസ്ത്യൻ മിഷണറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും കുടുംബത്തെയും ചുട്ടു കൊന്ന കേസിലെ പ്രതിയെ ജയിൽ മോചിതനാക്കി ഒഡിഷയിലെ ബിജെപി സർക്കാർ. 25 വർഷമായി ജയിലിലായിരുന്ന മഹേന്ദ്ര ഹെംബ്രാമിനെയാണ് വിട്ടയച്ചത്. ക്യോന്‍ജാർ ജയിലിലായിരുന്നു പ്രതി. ജയ് ശ്രീറാം വിളിയോടെ ഹാരമണിയിച്ചാണ് പ്രതിയെ സംഘ്പരിവാർ പ്രവർത്തകർ സ്വീകരിച്ചത്. 1999 ജനുവരി 22നാണ് മനോഹർപൂർ‑ബാരിപാഡിലെ വനപ്രദേശത്ത് വാനിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാമിനെയും മക്കളായ പത്തുവയസുള്ള ഫിലിപ്പിനെയും ആറ് വയസുള്ള തിമോത്തിയെയും ചുട്ടുകൊല്ലുന്നത്. കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയിൽ പ്രവർത്തിച്ചിരുന്ന സുവിശേഷകനാണ് ഗ്രഹാം സ്റ്റെയിൻസ്. മതപരിവർത്തനം ആരോപിച്ചായിരുന്നു ബജ്റംഗ്ദൾ സംഘത്തിന്റെ ആക്രമണം. 1999നും 2000നും ഇടയിൽ കേസുമായി ബന്ധപ്പെട്ട് 51 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിൽ 37 പേർ പ്രാഥമിക വിചാരണയ്ക്കിടെ കുറ്റവിമുക്തരായി. മുഖ്യപ്രതി ദാരാ സിങ്, ഹെംബ്രാം എന്നിവരുൾപ്പെടെ 14 പേരെ സിബിഐ കോടതി ശിക്ഷിച്ചു. എന്നാൽ ഒഡിഷ ഹൈക്കോടതി 11 പേരെ കൂടി കുറ്റവിമുക്തരാക്കിയതോടെ കേസിൽ മൂന്ന് പേരാണ് ശിക്ഷിക്കപ്പെട്ടത്. ദാരാ സിങ്ങിന് സിബിഐ കോടതി വധശിക്ഷയാണ് ആദ്യം വിധിച്ചതെങ്കിലും ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. 

ഗോരക്ഷാ സമിതിയുടെ സജീവ അംഗമായിരുന്ന മഹേന്ദ്ര ഹെംബ്രാം കൊലപാതകങ്ങൾ അടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു. 1998ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി സജീവമായി പ്രചാരണം നടത്തിയ ഇയാൾ ആർഎസ്എസ് റാലികളിലും ക്യാമ്പുകളിലും പങ്കെടുത്തിരുന്നു. 51 കാരനായ ഹെംബ്രാമിനൊപ്പം ഒഡിഷയിലെ വിവിധ ജയിലുകളിൽ നിന്നുള്ള മറ്റ് 30 കുറ്റവാളികളെയും നല്ലനടപ്പിന്റെ പേരിൽ ജയിൽ മോചിതരാക്കി.
ഒഡിഷയിലെ ബിജെപി മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി മുൻപ് ക്യോന്‍ജാർ എംഎൽഎ ആയിരുന്ന കാലത്ത് ദാരാസിങ്ങിന്റെയും മറ്റ് പ്രതികളുടെയും മോചനത്തിനായി പ്രതിഷേധം സംഘടിപ്പിച്ച വ്യക്തി കൂടിയാണ്. ദാരാ സിങ്ങിന്റെ മോചന ഹർജിയിൽ തീരുമാനമെടുക്കാൻ ഈ വർഷം മാർച്ചിൽ സുപ്രീം കോടതി ഒഡിഷ സർക്കാരിനോട് നിർദേശിച്ചിരുന്നു. ഈ വിഷയം പരിഗണനയിലാണെന്നും വരും ആഴ്ചകളിൽ അന്തിമ തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഗ്രഹാമിന്റെ ഭാര്യ ഗ്ലാഡിസ്, കൊലപാതകികളോട് ക്ഷമിച്ചതായി അറിയിച്ചിരുന്നു. ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും കൊല​പ്പെടുത്തിയ അതേവർഷം സെപ്റ്റംബറിൽ മയൂർഭഞ്ചിലെ ജമാബാനിയിൽ അരുൾ ദാസ് എന്ന കത്തോലിക്കാ പുരോഹിതനെയും ദാരാ സിങ്ങും സംഘവും ക്രൂരമായി കൊലപ്പെടുത്തി. ഈ കേസിൽ 2007 സെപ്റ്റംബറിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1999ൽതന്നെ നവംബർ 26ന് പടിയാബേഡ ഗ്രാമത്തിൽ മുസ്ലിം വസ്ത്രവ്യാപാരി ഷെയ്ഖ് റഹ്മാനെ ആക്രമിച്ച് കൊലപ്പെടുത്തി കൈകൾ വെട്ടിനീക്കി മൃതദേഹം കത്തിച്ച കേസിലും ദാരാ സിങ്ങിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. 1999 ൽ കന്നുകാലി കച്ചവടക്കാരനായ ഇമാം ഷെയ്ഖിനെ കൊലപ്പെടുത്തിയ കേസിലും ദാരാ സിങ് പ്രതിയായിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു. 

Exit mobile version