Site iconSite icon Janayugom Online

ഗ്രാമപഞ്ചായത്തംഗവും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു കിളിയമ്മൻതറയിൽ രാജിവെച്ചു

ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തംഗവും ദളിത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഷിബു കിളിയമ്മൻതറയിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. രാജിക്കത്ത് ഡിസിസി പ്രസിഡന്റ് ബിബാബുപ്രസാദിന് കൈമാറി. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനമെന്ന് ഷിബു കിളിയമ്മൻതറയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2020ലെ തിരഞ്ഞെടുപ്പിൽ ചെന്നിത്തല തൃപ്പെരുന്തുറയിലെ പത്താം വാ‌ർഡിൽ നിന്നാണ് ഷിബു വിജയിച്ചത്. കോൺഗ്രസിന് ഭരണം കിട്ടിയ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനം കരാർ അടിസ്ഥാനത്തിൽ വീതം വയ്ക്കുകയായിരുന്നു. 

പതിനാറ് നേതാക്കൾ ഒപ്പിട്ട കരാർ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യ രണ്ട് വ‌ർഷം രവികുമാർ, തുടർന്നുള്ള ഒന്നര വർഷം അഭിലാൽ തുമ്പിനാത്ത്, അവസാന ഒന്നരവർഷം തനിക്കും നൽകാനായിരുന്നു ധാരണയെന്ന് ഷിബു വ്യക്തമാക്കി. എന്നാൽ കരാർ പാലിക്കപ്പെട്ടില്ല. മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയടക്കം വിഷയത്തിൽ ഇടപെട്ടിട്ടും ആദ്യ സ്ഥാനലബ്ദിക്കാരൻ രാജിവയ്ക്കാൻ തയാറായില്ലെന്നും പഞ്ചായത്ത് വികസന കാര്യങ്ങളിൽ ഇടപെടുന്നതിൽ ചെന്നിത്തല കോൺഗ്രസ് നേതൃത്വം വൻ വീഴ്ച്ചയാണ് വരുത്തിയിട്ടുള്ളതെന്നും ഷിബു ആരോപിച്ചു. ചെന്നിത്തലയിലെ കോൺഗ്രസിന്റെ ജനവിരുദ്ധവും വഞ്ചനാപരവുമായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പ്രാഥമികാംഗത്വത്തിൽ നിന്ന് രാജിവയ്ക്കുന്നതെന്ന് ഷിബു കിളിയമ്മൻതറയിൽ പറഞ്ഞു.

Exit mobile version