Site iconSite icon Janayugom Online

ഗ്രാമീണ്‍ ബന്ദ് വിജയിപ്പിക്കും: സിപിഐ

കേന്ദ്ര തൊഴിലാളി സംഘടന (സിടിയു)കളും സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം)യും ഫെബ്രുവരി 16ന് ആഹ്വാനം ചെയ്തിരിക്കുന്ന പണിമുടക്കിനും ഗ്രാമീണ ബന്ദിനും സിപിഐ ദേശീയ കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു. 2023 ഓഗസ്റ്റിൽ ഡൽഹിയിൽ നടന്ന സംയുക്ത കൺവെൻഷനിൽ വച്ചാണ് സിടിയുവും എസ്‌കെഎമ്മും സംയുക്തമായി ആദ്യത്തെ ദേശീയ ക്യാമ്പയിന് ആഹ്വാനം നൽകിയത്. രാജ്യത്തിന്റെ പൊതുമുതലും സമ്പത്തും സ്വകാര്യ കോർപറേറ്റുകൾക്ക് നിർലജ്ജം തട്ടിയെടുക്കുന്നതിനും ജനാധിപത്യ സംവിധാനങ്ങളെ കയ്യടക്കുന്നതിനും അവസരം നൽകുന്ന രാജ്യം ഭരിക്കുന്ന കോർപറേറ്റ്-വർഗീയ അവിശുദ്ധ കൂട്ടുകെട്ടിന്റെ നടപടികൾക്കെതിരെയാണ് പ്രക്ഷോഭമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അധ്വാനിക്കുന്ന ജനങ്ങളുടെ ജീവിതത്തിനും ഉപജീവനത്തിനും മേൽ തുടർച്ചയായി കേന്ദ്രസർക്കാർ ക്രൂരമായ കടന്നാക്രമണങ്ങൾ നടത്തുകയാണ്. വിവിധ നിയമനിർമ്മാണങ്ങളിലൂടെയും ഉത്തരവുകളിലൂടെയും നയപരമായ നടപടികളിലൂടെയും തൊഴിലാളി, കർഷക, ജനവിരുദ്ധ നടപടികൾ ആവർത്തിക്കുകയാണെന്നും പ്രക്ഷോഭം പ്രഖ്യാപിച്ച ദേശീയ കൺവെൻഷൻ ചൂണ്ടിക്കാട്ടുകയുണ്ടായി.

തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ അവകാശങ്ങൾ ഭരണഘടനാ വിരുദ്ധമായി നിഷേധിക്കുന്നു. വിവിധ ജനവിഭാഗങ്ങളുടെ എല്ലാ ജനാധിപത്യ അവകാശവാദങ്ങളെയും വിയോജിപ്പിന്റെ ശബ്ദങ്ങളെയും അടിച്ചമർത്തുന്നു. ഭരണകൂടത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും വർഗീയവൽക്കരിക്കുകയും ഭരണഘടനാ സ്ഥാപനങ്ങളെയും ഏജൻസികളെയും തീർത്തും ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന അപകടകരമായ കർമ്മ പദ്ധതിയാണ് കേന്ദ്രം തുടരുന്നത്. മാധ്യമങ്ങളുടെയും മാധ്യമ പ്രവർത്തകരുടെയും സ്വാതന്ത്ര്യത്തെ നിരന്തരം ആക്രമിക്കുകയും ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന കുറ്റവാളികളെ ലജ്ജയില്ലാതെ സംരക്ഷിക്കുകയും അങ്ങനെ ക്രമസമാധാന പരിപാലനത്തിലുള്ള ജനവിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. തൊഴിലാളി, കർഷക വിരുദ്ധ, ദേശവിരുദ്ധ നയങ്ങൾക്കെതിരെ ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും പ്രക്ഷോഭത്തിന് പിന്തുണ അഭ്യർത്ഥിക്കുന്നതിനുമായി രാജ്യവ്യാപകമായി നടന്ന ഭവന സന്ദർശന പരിപാടി (ജനജാഗരൺ ക്യാമ്പയിൻ) ശ്രദ്ധേയമായിരുന്നു. പണിമുടക്കിനും ഗ്രാമീണ ബന്ദിനും വിവിധ ബഹുജന സംഘടനകൾ ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നികൃഷ്ടമായ മതഭ്രാന്തിനെയും ആക്രമണോത്സുകതയെയും നേരിടാനും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിലേക്ക് തിരികെ കൊണ്ടുവരാനും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ജനാധിപത്യം, ഫെഡറലിസം, മതേതരത്വം, സോഷ്യലിസം എന്നിവയുടെ അടിസ്ഥാന തത്വങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ഈ മാസം 16ലെ ക്യാമ്പയിൻ വിജയിപ്പിക്കുന്നതിന് മുഴുവൻ ജനവിഭാഗങ്ങളും അണിനിരക്കണമെന്ന് ദേശീയ കൗൺസിൽ പ്രമേയത്തിൽ അഭ്യർത്ഥിച്ചു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമർജീത് കൗർ, ബാലചന്ദ്ര കാംഗോ, കെ നാരായണ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി യോഗത്തെ അഭിവാദ്യം ചെയ്തു. കേരളത്തിൽ നിന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരൻ, പി പി സുനീർ, മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, ജെ ചിഞ്ചുറാണി, പി പ്രസാദ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, സത്യൻ മൊകേരി, കെ പി രാജേന്ദ്രൻ, പി വസന്തം, രാജാജി മാത്യു തോമസ്, ടി ടി ജിസ്‌മോൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു.

Eng­lish Summary:Grameen Bandh will win: CPI
You may also like this video

Exit mobile version