പുരാതന ലോകത്തിലെ അത്ഭുതങ്ങളിലൊന്നായ ഗിസയിലെ ഗ്രേറ്റ് പിരമിഡ് ഓഫ് ഖുഫുവിന് സമീപം ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം ഈജിപ്ത് ഔദ്യോഗികമായി തുറന്നു. ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിൽ, ഏഴ് സഹസ്രാബ്ദങ്ങളുടെ ചരിത്രം പറയുന്ന 100,000 പുരാവസ്തുക്കൾ പ്രദർശിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് ഈജിപ്‌റ്റോളജിസ്റ്റ് ഹോവാർഡ് കാർട്ടർ കണ്ടെത്തിയ ബാലരാജാവ് തുതൻഖാമുൻ്റെ കേടുപാടുകളില്ലാത്ത ശവകുടീരത്തിലെ മുഴുവൻ ഉള്ളടക്കങ്ങളും, അതായത് സ്വർണ്ണ മാസ്ക്, സിംഹാസനം, തേരുകൾ ഉൾപ്പെടെയുള്ള 5,500ൽ അധികം വസ്തുക്കൾ, ഇതാദ്യമായി ഒരുമിച്ച് പ്രദർശിപ്പിക്കുമെന്നതാണ് ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയത്തിൻ്റെ പ്രധാന ആകർഷണം. ഏകദേശം 1.2 ബില്യൺ ഡോളർ ചെലവ് വന്ന ഈ മ്യൂസിയം പ്രതിവർഷം 8 ദശലക്ഷം സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയമായ ‘ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം’ തുറന്നു; തുതൻഖാമുൻ രാജാവിൻ്റെ മുഴുവൻ നിധിശേഖരവും പ്രദര്‍ശപ്പിക്കും

