Site iconSite icon Janayugom Online

കോണ്‍ഗ്രസിന്റെ വല്യേട്ടന്‍ മനോഭാവം; ഇന്ത്യാ സഖ്യത്തെ ദുര്‍ബലമാക്കുന്നു

സഖ്യകക്ഷികളെ മുഖവിലയ്ക്കെടുക്കാതെ കോണ്‍ഗ്രസ് ഏകപക്ഷീയ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത് ഇന്ത്യാ സഖ്യത്തിന്റെ ഐക്യത്തിന് തടസമാകുന്നു. 2023ല്‍ സഖ്യം രൂപപ്പെട്ട ശേഷം ചില പ്രതിസന്ധികളും പ്രശ്നങ്ങളും ഉടലെടുത്തെങ്കിലും ബിജെപിയുടെ മൃഗീയ ഭൂരിപക്ഷത്തെ ലോക്‌സഭയില്‍ 240 സീറ്റുകളാക്കി ചുരുക്കാന്‍ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞു. മോഡിക്ക് ഘടകക്ഷികളെ ആശ്രയിച്ച് ഭരണം നടത്തേണ്ടിവന്നു. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ ഏകപക്ഷീയവും ധിക്കാരപരവുമായ നിലപാടുകള്‍ സഖ്യത്തില്‍ വിള്ളലുകളുണ്ടാക്കിത്തുടങ്ങി. മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി തെരഞ്ഞെടുപ്പുകളില്‍ പരാജയത്തിലേക്ക് നയിച്ചു. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന ഒരു ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, നിലവിലെ രീതിയില്‍ ഇന്ത്യ സഖ്യത്തിന്റെ ഭാവി അത്ര ശോഭനമല്ലെന്ന് പ്രവചിച്ചിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. പഹല്‍ഗാം ആക്രമണവും ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ മൂന്നിന് ഇന്ത്യ സഖ്യത്തിലെ 16 പാര്‍ട്ടികളുടെ നേതാക്കള്‍ പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തെഴുതിയെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ആറ് മാസത്തിന് ശേഷമാണ് ഇന്ത്യ സഖ്യ നേതാക്കള്‍ ഒരുമിച്ചുകൂടിയത്. കോണ്‍ഗ്രസുമായുള്ള ഭിന്നതയെ തുടര്‍ന്ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ആംആദ്മി പാര്‍ട്ടി പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ഒപ്പിട്ടില്ലെന്ന് മാത്രമല്ല സഖ്യം വിടുകയും ചെയ്തു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രഹസ്യ സഖ്യം നിലനില്‍ക്കുന്നത് കൊണ്ടാണ് സഖ്യം വിടുന്നതെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അതിഷി പ്രഖ്യാപിച്ചു. എന്നാല്‍ ആംആദ്മി പ്രധാനമന്ത്രിക്ക് പ്രത്യേകം കത്തെഴുതുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന എംപി ഡെറിക് ഒബ്രയന്‍ അറിയിച്ചു. 

ശരദ്പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയും കത്തില്‍ ഒപ്പിട്ടില്ല. ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച് വിശദീകരണം നടത്തുന്ന എംപിമാരുടെ പ്രതിനിധി സംഘം വിദേശപര്യടനം പൂര്‍ത്തിയാക്കിയ ശേഷം കത്ത് നല്‍കാമെന്ന് ശരദ്പവാറിന്റെ മകളും എംപിയുമായ സുപ്രിയ സുലെ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിച്ചില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് നാല് മാസത്തിന് ശേഷം സഖ്യത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. ഹരിയാനയില്‍ ആംആദ്മിയെ ഒഴിവാക്കി കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും ബിജെപിക്ക് മുന്നില്‍ അടിപതറി. ജമ്മുവിലും ഇത് ആവര്‍ത്തിച്ചു. സഖ്യത്തിന്റെ ഐക്യത്തെക്കാള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനാണ് കോണ്‍ഗ്രസ് നേതൃത്വം മുന്‍തൂക്കം നല്‍കിയത്. സഖ്യത്തിന്റെ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് ഒഴിയണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി പരസ്യമായി ആവശ്യപ്പെട്ടു. മമതയെ അധ്യക്ഷയാക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആവശ്യത്തിന് ശരദ് പവാര്‍ പിന്തുണയും നല്‍കി. പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി തുടര്‍ച്ചയായി അഡാനിയുമായുള്ള ബന്ധത്തിന്റെ പേരില്‍ മോഡിയെ ആക്രമിക്കുന്നതില്‍ അമിതാവേശം കാണിക്കുന്നതിനെ തൃണമൂല്‍, സമാജ്‌വാദി പാര്‍ട്ടി, എന്‍സിപി, ആംആദ്മി എന്നിവര്‍ എതിര്‍ത്തിരുന്നു.
സഖ്യം സജീവമാക്കി നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് സമാജ് വാദി, തൃണമൂല്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ പൊടുന്നനെ അവസാനിപ്പിച്ചത് അമേരിക്കന്‍ സമ്മര്‍ദം കൊണ്ടാണെന്ന വിഷയം കേന്ദ്രത്തിനെതിരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പരാജയപ്പെട്ടെന്നും നേതാക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സഖ്യകക്ഷികളുമായി ആശയവിനിമയം നടത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. ട്രംപ് വെടിനിര്‍ത്തല്‍ അവകാശവാദവുമായി എത്തിയതിന് പിന്നാലെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് സംയുക്തമായി അഭ്യര്‍ത്ഥിക്കണമായിരുന്നെന്ന് മുതിര്‍ന്ന ആര്‍ജെഡി നേതാവ് പറഞ്ഞു. സര്‍വകക്ഷിയോഗത്തില്‍ നിരവധി പാര്‍ട്ടികള്‍ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പിന്തുണ ഉണ്ടായില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും പ്രതിപക്ഷനേതാക്കള്‍ കോണ്‍ഗ്രസുകാരാണ്.

Exit mobile version