Site icon Janayugom Online

മുത്തശ്ശി ലൈറ്റ് ഹൗസ് വീണ്ടും സഞ്ചാരികളെ വിളിക്കുന്നു

light house

നാവികര്‍ക്ക് വഴികാട്ടിയായും സഞ്ചാരികള്‍ക്ക് കൗതുകക്കാഴ്ചയായും ഒന്നര നൂറ്റാണ്ടിലേറെയായി തലയുയര്‍ത്തി നില്‍ക്കുന്ന ആലപ്പുഴ ലൈറ്റ് ഹൗസ് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. കോവിഡ് പിടിമുറുക്കിയതോടെ രണ്ടുവര്‍ഷമായി ലൈറ്റ് ഹൗസ് അടച്ചിട്ടിരിക്കുകയായിരുന്നു. മെയ് ഒന്നു മുതലാണ് പ്രവേശനം.

ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ഈ ലൈറ്റ്ഹൗസ് പല ചരിത്ര മുഹൂർത്തങ്ങൾക്കും സാക്ഷിയായിട്ടുണ്ട്.
ആലപ്പുഴയിലെ പൈതൃക സ്മാരകത്തിൽ ഉൾപ്പെടുന്ന ലൈറ്റ് ഹൗസിൽ സന്ദർശകരെ അനുവദിക്കുന്നത് രാവിലെ ഒമ്പത് മുതൽ 11.45 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് 5.30 വരെയുമാണ്. 2020 മാർച്ചിലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ലൈറ്റ് ഹൗസ് അടച്ചത്. വിളക്കുമാടത്തിന്റെ മുകളിൽ നിന്നാൽ ആലപ്പുഴ ബീച്ചിന്റെയും പട്ടണത്തിനുള്ളിലൂടെ ഒഴുകുന്ന കനാലുകളുടേയും കെട്ടിട സമുച്ചയങ്ങളുടെയുമെല്ലാം മനോഹരമായ കാഴ്ചകൾ ദൃശ്യമാവും.
28 മീറ്റർ (91.5 അടി) ഉയരത്തിൽ വൃത്താകൃതിയിലുള്ള സ്തംഭത്തിന് അകത്തെ കുത്തനെയുള്ള കോണിപ്പടികൾ കയറിയാണ് മുകളിലെത്തുന്നത്. തേക്കിൻ തടിയിൽ നിർമ്മിച്ചതാണ് ഈ ഗോവണി. ഒരുമീറ്റർ അകലം ഇല്ലാത്ത പടികളിൽ ഒരേ സമയം ഒരാൾക്ക് മാത്രമേ കയറാനോ ഇറങ്ങാനോ സാധിക്കൂ. 

തിരുവിതാംകൂർ രാജാക്കന്മാരുടെ ഭരണകാലത്ത് 1862ൽ സ്ഥാപിതമായ ഈ വിളക്കുമാടത്തിൽ നിലവിലെ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയത് 1960 ഓഗസ്റ്റ് നാല് മുതലാണ്. ഇപ്പോൾ ഇവിടെ നല്ലൊരു ഒരു മ്യൂസിയവും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.
പുരാതന കാലത്ത് തിരുവിതാംകൂർ രാജ്യത്തിന്റെ പ്രധാന തുറമുഖങ്ങളായിരുന്നു വിഴിഞ്ഞം, കൊല്ലം, പുറക്കാട് തുടങ്ങിയവ. അമ്പലപ്പുഴയ്ക്ക് അടുത്തുള്ള പുറക്കാട് തുറമുഖം ക്ഷയിച്ചപ്പോഴാണ് ആലപ്പുഴ തുറമുഖം വികസിച്ചത്. 1792 മുതൽ ഈ തുറമുഖം വിദേശവ്യാപാരികൾക്കായി തുറന്ന് നൽകി. അക്കാലത്ത് തീകൂട്ടി വെളിച്ചമുണ്ടാക്കിയായിരുന്നു നാവികർക്ക് അടയാളം നൽകിയിരുന്നത്. പിന്നീട് ദിശ മനസിലാക്കാൻ കടൽ പാലത്തിന്റെ അറ്റത്ത് ഒരു ദീപം സജ്ജീകരിച്ചു. 18-ാം നൂറ്റാണ്ടിൽ ഒരു വിളക്കുമരം ഇവിടെ പ്രവർത്തനമാരംഭിച്ചതായി കരുതപ്പെടുന്നു.

1860ൽ ഇവിടെ ഒരു വിളക്കുമാടത്തിനുള്ള പണി ആരംഭിച്ചു. 1862 മാർച്ച് മുതൽ വെളിച്ചെണ്ണയുപയോഗിച്ച് തെളിയുന്ന ഒരു ദീപം സ്ഥാപിച്ചു. 1952 ൽ അത് ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ദീപമായി. 1960 ൽ വൈദ്യുതി ദീപമായി. ലൈറ്റ് ഹൗസിൽ ആധുനിക സജ്ജീകരണങ്ങൾ കാലാകാലങ്ങളിലായി കൂട്ടിച്ചേർത്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Grand­ma Light­house is call­ing tourists again

You may like this video also

Exit mobile version