Site iconSite icon Janayugom Online

വമ്പന്‍ ഓഫറുകള്‍; സപ്ലൈകോ വില്പനശാലകളില്‍ തിരക്കേറി

കേരളപ്പിറവി ദിനം മുതല്‍ പ്രഖ്യാപിച്ച വമ്പന്‍ ഓഫറുകളെത്തുടര്‍ന്ന് സപ്ലൈകോ വില്പനശാലകളില്‍ വലിയ തിരക്ക്. വലിയ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം പ്രത്യേകം ഓഫറുകളും ഇപ്പോള്‍ സപ്ലൈകോ നല്‍കുന്നുണ്ട്. സപ്ലൈകോയുടെ 
50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. നിലവില്‍ പ്രതിമാസം ഒരു ലിറ്റര്‍ സബ്സിഡി വെളിച്ചെണ്ണ ലഭിച്ചിരുന്നത് രണ്ടാക്കി ഉയര്‍ത്തി. 319 രൂപയാണ് ലിറ്ററിന് സബ്സിഡി വില. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കിൽ കാർഡൊന്നിന് പ്രതിമാസം 20 കിലോ ഗ്രാം പച്ചരി/പുഴുക്കലരി നൽകി വന്നിരുന്നത് തുടർന്നും സ്ഥിരമായി ലഭിക്കും. നിലവില്‍ വിവിധ ഉല്പന്നങ്ങള്‍ക്ക് ലഭിക്കുന്ന വിലക്കുറവുകള്‍ക്ക് പുറമെ, സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉല്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകും. 

ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില നിലവിലെ വിലയിൽ നിന്ന് 25ശതമാനം വിലക്കുറവിൽ നൽകും. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേൽ സപ്ലൈകോ വില്പനശാലകളിൽ യുപിഐ മുഖേന പണം അടക്കുകയാണെങ്കിൽ അഞ്ചു രൂപ വിലക്കുറവും നൽകും. വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉല്പന്നങ്ങൾക്ക് 5% അധിക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. 

Exit mobile version