Site icon Janayugom Online

സിനിമാനടനാണ് പക്ഷെ ഈ അവാര്‍ഡ് ജയറാമിന് കിട്ടിയത് അഭിനയത്തിനല്ല: പത്മശ്രീ ലഭിച്ചതിനേക്കാള്‍ വലിയ സന്തോഷം

jayaram

പത്മശ്രീ ലഭിച്ച നിമിഷത്തിനുമപ്പുറമുള്ള സന്തോഷവും അഭിമാനവും തോന്നുകയാണെന്ന് സംസ്ഥാന കര്‍ഷക അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നടന്‍ ജയറാം അഭിപ്രായപ്പെട്ടു. അഭിനയത്തോടൊപ്പം കൃഷി എന്നത് തീര്‍ത്തും സ്വകാര്യമായ പരിശ്രമമായിരുന്നു. ചെന്നൈയില്‍ താമസിക്കുമ്പോള്‍ 25 വര്‍ഷത്തിനു മുന്‍പ് തന്നെ നൂറുമേനി വിളവ് നേടാന്‍ കഴിഞ്ഞു. പെരുമ്പാവൂരിലെ കൂവപ്പടി ഗ്രാമത്തില്‍ എട്ടേക്കറുള്ള കുടുംബ സ്വത്തായി ലഭിച്ച ഭൂമിയിലാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. പ്രളയത്തില്‍ ഫാം മൊത്തമായി നശിച്ചിരുന്നു. കണ്ണുനീരോടെ അത് കാണേണ്ടിവന്ന അവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. ഉള്ളില്‍ യഥാര്‍ത്ഥമായ ഒരു കര്‍ഷകന്‍ ഉണ്ട് എന്നുള്ളത് കൊണ്ടാണ് കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും ആ ഫാം പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞത്. ഇവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ തന്റെ സംഭാവന വളരെ ചെറുതാണെന്ന് തിരിച്ചറിയുന്നുണ്ട്. എന്നാല്‍ ഈ അംഗീകാരം കൂടുതല്‍ പേര്‍ക്ക് കൃഷിയിലേക്ക് എത്തുന്നതിനുള്ള പ്രചോദനം ആകുന്നുവെങ്കില്‍ അതായിരിക്കും ഏറ്റവും കൂടുതല്‍ ചാരിതാര്‍ഥ്യം നല്‍കുന്നതെന്ന് ജയറാം പറഞ്ഞു. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയറാമിനെ പൊന്നാട അണിയിച്ചു. വിവിധ വിഭാഗങ്ങളിലെ കര്‍ഷക അവാര്‍ഡുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു. 

Eng­lish Sum­ma­ry: Greater hap­pi­ness than receiv­ing the Pad­ma Shri; Jayaram

You may like this video also

Exit mobile version