Site iconSite icon Janayugom Online

പുതുപുത്തനാകാൻ കുവൈറ്റിലെ ഗ്രീൻ ഐലൻഡ്; വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ

കുവൈറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗ്രീൻ ഐലൻഡിനെ ലോകോത്തര നിലവാരത്തിലുള്ള ടൂറിസ്റ്റ് കേന്ദ്രമായി മാറ്റാനൊരുങ്ങി ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി. വിനോദസഞ്ചാര മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള വലിയൊരു വികസന പദ്ധതിക്കാണ് അധികൃതർ രൂപം നൽകിയിരിക്കുന്നത്. വിദേശ വിനോദസഞ്ചാരികളെയും സ്വദേശികളെയും ഒരേപോലെ ആകർഷിക്കുന്ന രീതിയിലുള്ള അത്യാധുനിക സൗകര്യങ്ങൾ ‚വൈവിധ്യമാർന്ന വാട്ടർ സ്പോർട്സ് സൗകര്യങ്ങൾ, പുതിയ കളിസ്ഥലങ്ങൾ, കുടുംബങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ വിശ്രമ കേന്ദ്രങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമാണ്.

അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഷോപ്പുകൾ, വിവിധ രാജ്യങ്ങളിലെ രുചികരമായ വിഭവങ്ങൾ ലഭ്യമാകുന്ന റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയും നവീകരണത്തിന്റെ ഭാഗമായി വരും.ദ്വീപിന്റെ പ്രകൃതിഭംഗി നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ പാർക്കിംഗ് സൗകര്യങ്ങളും നടപ്പാതകളും ലാൻഡ്സ്കേപ്പിംഗും മെച്ചപ്പെടുത്തും. കുവൈറ്റിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ടൂറിസം മേഖലയ്ക്ക് നൽകുന്ന പ്രാധാന്യമാണ് ഗ്രീൻ ഐലൻഡ് പ്രോജക്റ്റിലൂടെ വ്യക്തമാകുന്നത്. ഗുണമേന്മയുള്ള വിനോദസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ ഗ്രീൻ ഐലൻഡിനെ ഒരു പ്രധാന അടയാളമായി മാറ്റുകയാണ് ഈ നവീകരണ പദ്ധതിയിലൂടെ ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി ലക്ഷ്യമിടുന്നത്.

Exit mobile version