Site iconSite icon Janayugom Online

മലബാറിന് ഹരിതശക്തി; കാസര്‍കോട്- വയനാട് വൈദ്യുതി ഇടനാഴി നിര്‍മ്മാണത്തിന് തുടക്കം

മലബാറിലെ വൈദ്യുതി പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരമാകുന്നു. വൈദ്യുതി വിതരണ രംഗത്തെ വിപ്ലവകരമായ ചുവടുവയ്പ്പായ 400 കെവി കാസര്‍കോട്-വയനാട് ഹരിത പവര്‍ ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കാസർകോട് കരിന്തളം തോളോനി അമ്മാറമ്മ ഹാളിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഓൺലൈനായി നിർവഹിച്ചു. വടക്കന്‍ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനും മേഖലയിലെ വര്‍ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് അന്തര്‍സംസ്ഥാന വൈദ്യുത പ്രസരണ ശൃംഖലയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ പദ്ധതി. ഒപ്പം കാസര്‍കോട് ജില്ലയിലെ പുനരുല്പാദന ഊര്‍ജ നിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുന്ന വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറച്ച് യഥാസമയം ലോഡ് സെന്ററില്‍ എത്തിക്കുന്നതിനുമാണ് നോര്‍ത്ത് ഗ്രീന്‍ കോറിഡോര്‍ 400 കെവി കരിന്തളം ‑പയ്യമ്പള്ളി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്.

കരിന്തളം 400 കെവി സബ്സ്റ്റേഷനില്‍ നിന്നാണ് മാനന്തവാടി പയ്യമ്പള്ളിയിലേക്ക് ലൈന്‍ വലിക്കുന്നത്. 125 കിലോമീറ്റര്‍ വൈദ്യുതി ലൈനില്‍ 400 കെവി പ്രസരണ ശേഷിയുള്ള 380 ടവറുകളാണ് ആവശ്യമായി വരിക. വയനാട്ടില്‍ 200 എംവിഎ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറാണ് സ്ഥാപിക്കുന്നത്. 180 മെഗാവാട്ട് പവറാണ് അവിടെ ഉപയോഗിക്കാന്‍ കഴിയുക. കരിന്തളത്തുനിന്ന് ആരംഭിച്ച് ആലക്കോട്-ശ്രീകണ്ഠാപുരം-ഇരിട്ടി-നെടുംപൊയില്‍ വഴിയാണ് വയനാട്ടിലെ പയ്യമ്പള്ളിയിലേക്ക് ലൈന്‍ പോകുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ എട്ട് നിയോജക മണ്ഡലങ്ങളിലൂടെ ലൈന്‍ കടന്നുപോകും. 436 കോടി രൂപയാണ് പദ്ധതി ചെലവ്. കെഎസ്ഇബിയുടെ തനതു ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. 36 മാസത്തിനകം ലൈനിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.

ഇതോടൊപ്പം ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുതി ലൈന്‍ നിര്‍മ്മാണം നടക്കുകയാണ്. 1000 മെഗാവാട്ട് വൈദ്യുതി ഇതുവഴി ലഭിക്കും. കാസര്‍കോട് ജില്ലയില്‍ 150 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമുള്ളത്. ബാക്കിയുള്ള വൈദ്യുതി മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. ഉഡുപ്പിയില്‍ നിന്ന് കരിന്തളത്തേക്ക് 115 കിലോമീറ്റര്‍ നീളമുള്ള 400 കെവി ലൈന്‍, കരിന്തളത്ത് 400 കെവി സബ്‌സ്റ്റേഷന്‍ എന്നിവയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. സ്റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ ലിമിറ്റഡാണ് നിര്‍മാണം. കരിന്തളം കയനിയില്‍ സംസ്ഥാന സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ 12 ഏക്കറിലാണ് സബ്‌സ്റ്റേഷന്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെഎസ്ഇബി ട്രാൻസ് ഗ്രിഡ് ചീഫ് എന്‍ജിനീയർ എസ് രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. 

Eng­lish Summary:Green pow­er for Mal­abar; Con­struc­tion of Kasar­god-Wayanad pow­er cor­ri­dor begins
You may also like this video

Exit mobile version