Site iconSite icon Janayugom Online

ആശംസകാർഡുകള്‍ മറയുന്നു; സന്ദേശങ്ങൾ സോഷ്യൽമീഡിയയിൽ

മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും പുൽക്കൂടും കരോളും ക്രിസ്മസ് ന്യൂഇയർ കാലത്തെ മലയാളിയുടെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളാണ്. ഇതിനൊപ്പം മറ്റൊന്നുകൂടിയുണ്ട്, വർണവിസ്മയം തീർക്കുന്ന ആശംസാകാർഡുകൾ. പ്രിയപ്പെട്ടവറുടെ സ്നേഹസന്ദേശങ്ങൾ എഴുതിയ ആശംസകളുമായെത്തുന്ന കാർഡുകൾ പ്രതീക്ഷിക്കാത്തവരുടെ എണ്ണം വളരെ കുറവായിരുന്നു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാമുള്ള കാർഡുകൾ തയ്യാറാക്കി ഒന്നിച്ച് തപാൽപ്പെട്ടിയിൽ നിക്ഷേപിച്ച് കഴിഞ്ഞാൽപ്പിന്നെ ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പായിരുന്നു, മറുപടി ആശംസകൾക്കായി. കാലം മാറി, ഇപ്പോൾ എല്ലാം വിരൽത്തുമ്പിലാണ്, മൊബൈൽ ഫോണിലോ, ഇന്റർനെറ്റിലോ ഒരു ക്ലിക്കിന്റെ സമയം മാത്രംമതി എത്രയകലേയ്ക്കും ആശംസാകാർഡുകൾ അയയ്ക്കാം.

മാറിയകാലത്ത് വാട്സ് ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകൾ സ്നേഹ സന്ദേശം കൈയടക്കിയിരിക്കുകയാണ്. ഒറ്റ ഫ്രെയിമിലൂടെ അടിപൊളി ആശംസാകാർഡുകൾ തയ്യാറാക്കാവുന്ന ആപ്പുകൾ ഇന്ന് ഒറ്റക്ലിക്കിൽ ലഭിക്കും. ഇതോടെ ഒരുകാലത്ത് തലമുറകളെ തമ്മിൽ അക്ഷരങ്ങൾ കൊണ്ട് കോർത്തിണക്കിയിരുന്ന ക്രിസ്മസ് കാർഡുകൾ വിപണിയിൽ നിന്നും ഔട്ടായി. കാർഡുകൾ ചോദിച്ച് കടകളിൽ ആരും എത്താറില്ലെന്ന് വ്യാപാരികൾ പറയുന്നു. വിറ്റ് പോകാൻ സാധ്യത കുറവായതിനാൽ കാർഡുകൾ എടുത്തുവയ്ക്കാൻ കടക്കാരും തയ്യാറാകുന്നില്ല.

എന്നാൽ ചില മുതിർന്ന അംഗങ്ങൾ ഇന്നും അപൂർവമായി കാർഡുകൾ വാങ്ങാൻ എത്തുന്നുണ്ടെന്ന് കടക്കാർ പറയുന്നു. പക്ഷേ മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന കാർഡ് വില്പനയുടെ നാലിലൊന്നുപോലും ഇന്നില്ലെന്ന് വില്പനക്കാർ സാക്ഷ്യപ്പെടുത്തുന്നു.

eng­lish sum­ma­ry; Greet­ing cards dis­ap­pear; Mes­sages on social media

you may also like this video ;

Exit mobile version