Site icon Janayugom Online

കശ്മീരില്‍ പൊലീസിന് നേരെ ഗ്രനേഡാക്രമണം; നാല് പ്രദേശവാസികള്‍ക്ക് പരിക്ക്

ജമ്മുകശ്മീരില്‍ പൊലീസിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെ വീണ്ടും ഗ്രനേഡാക്രമണം. പുല്‍വാമയിലെ ചൗക്കില്‍ ഇന്ന് ഉച്ചയോടെയായിരുന്നു പൊലീസ് സംഘത്തിന് നേരെ ഗ്രനേഡാക്രമണം നടത്തിയത്. ആക്രമണത്തില്‍ നാല് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തെ ലക്ഷ്യമാക്കിയാണ് ഗ്രനേഡാക്രമണം നടത്തിയതെങ്കിലും അത് റോഡില്‍ പതിക്കുകയായിരുന്നു. തുടര്‍ന്നാണ് സമീപത്തുണ്ടായിരുന്ന പ്രദേശവാസികള്‍ക്ക് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല.

സംഭവസ്ഥലത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കശ്മീരില്‍ കഴിഞ്ഞ ദിവസവും ഗ്രനേഡ് ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ ഏഴ് ഗ്രനേഡുകള്‍ കണ്ടെത്തിയിരുന്നു. ശ്രീനഗറിലെ ബേമിന പ്രദേശത്തെ സ്‌കൂളിനടുത്താണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ശ്രീനഗറിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തുകൂടി കടന്ന പോകുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുകയും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്യുമെന്ന് സേന അറിയിച്ചു.

Eng­lish Sum­ma­ry : Grenade attack against police in Pulwama

You may also like this video :

Exit mobile version