Site iconSite icon Janayugom Online

ശ്രീനഗറിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി

ജമ്മു കശ്മീരിലെ ശ്രീനഗറിൽ അമീറ ഖദൽ മാർക്കറ്റിൽ ഇന്നലെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ റാഫിയ ദോ നാസർ അഹമ്മദ് ടിൻഡ എന്ന പെൺകുട്ടി ഇന്ന് രാവിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. ഭീകരാക്രമണത്തിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ 24 പേർക്ക് പരുക്കേറ്റിരുന്നു.

നൗഹട്ട പ്രദേശത്ത് താമസിക്കുന്ന മുഹമ്മദ് അസ്ലം മഖ്ദൂമി (70) ഇന്നലെ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഹരി സിംഗ് ഹൈ സ്ട്രീറ്റിലാണ് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയത്. പ്രശസ്തമായ റെഡ് സ്ക്വയറിന് സമീപം വൈകുന്നേരം 4:20 നായിരുന്നു സ്‌ഫോടനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശം വളഞ്ഞിരിക്കുകയാണ്.

എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ശ്രീനഗറിൽ തീവ്രവാദികൾക്കെതിരെ സുരക്ഷാ സേന നടത്തുന്ന ഓപ്പറേഷനിടെയാണ് ആക്രമണം. ഗ്രനേഡ് ആക്രമണത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് വിജയ് കുമാർ പറഞ്ഞു.

eng­lish sum­ma­ry; grenade attack in Srinagar

you may also like this video;

Exit mobile version