ഹോളിവുഡ് നടനും ഗ്രേയ്‌സ് അനാട്ടമി, യൂഫോറിയ എന്നീ പരമ്പരകളിലൂടെ പ്രശസ്തനുമായ എറിക് ഡെയ്ൻ(53) അന്തരിച്ചു. മാരകമായ നാഡീരോഗമായ എ എൽ എസ് ബാധിച്ച് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ പ്രതിനിധി മെലിസ ബാങ്ക് അറിയിച്ചു. കഴിഞ്ഞ വർഷമാണ് തനിക്ക് എ എൽ എസ് രോഗമാണെന്ന വിവരം എറിക് പരസ്യമാക്കിയത്. രോഗം ബാധിച്ച് തന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അവസാന നാളുകളിൽ എ എൽ എസ് രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ഗവേഷണങ്ങൾക്കുമായി അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ കാരണം മൂന്ന് ആഴ്ചകൾക്ക് മുൻപ് ഒരു പുരസ്കാര ചടങ്ങിൽ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു.
ഗ്രേയ്‌സ് അനാട്ടമിയിലെ ഡോ. മാർക്ക് സ്ലോൺ എന്ന കഥാപാത്രത്തിലൂടെയാണ് എറിക് ആഗോളതലത്തിൽ ശ്രദ്ധേയനായത്. എച്ച് ബി ഒ പരമ്പരയായ യൂഫോറിയയിലെ കാൽ ജേക്കബ്സ് എന്ന വേഷവും ഏറെ പ്രശംസിക്കപ്പെട്ടു. ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങാനിരിക്കുന്ന യൂഫോറിയയുടെ മൂന്നാം സീസണിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. യാദൃശ്ചികമെന്നു പറയട്ടെ, തന്റെ അവസാന വേഷങ്ങളിലൊന്നായ ‘ബ്രില്ല്യന്റ് മൈൻഡ്‌സ്’ എന്ന പരമ്പരയിൽ എ എൽ എസ് രോഗം ബാധിച്ച ഒരു അഗ്നിശമന സേനാംഗമായാണ് അദ്ദേഹം അഭിനയിച്ചത്.

