പിഎൻസി മേനോനും ശോഭ മേനോനും ചേർന്ന് സ്ഥാപിച്ച ശ്രീ കുറുംബ വിദ്യാഭ്യാസ ചാരിറ്റബിൾ ട്രസ്റ്റ് ഗൃഹ ശോഭ 2025 സംരംഭത്തിന്റെ ഭാഗമായി ജില്ലയിലെ സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങൾക്കായുള്ള 120 വീടുകളുടെ തറ കല്ലിടൽ കർമ്മം നിർവഹിച്ചു. റവന്യൂ, ഭവന വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ, തരൂർ എംഎൽഎ, പി പി സുമോദ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സൗജന്യമായി 1,000 വീടുകൾ നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സംരംഭം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണ്. ട്രസ്റ്റ് ഇതിനകം അർഹരായ 230 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകി. ഗൃഹ ശോഭ എന്നത് വെറുമൊരു സംരംഭം മാത്രമല്ല. സുരക്ഷിതവും മാന്യവുമായ ഭവനം ലഭ്യമാക്കുന്നതിലൂടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുന്നതിനുള്ള പ്രതിബദ്ധതയാണ്. സ്ത്രീകൾ നയിക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതമായ ഒരു വീട് സ്ഥിരതയുടെയും ശാക്തീകരണത്തിന്റെയും അവസരത്തിന്റെയും ആധാരശിലയാണെന്ന് ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനും ശ്രീ കുറുംബ വിദ്യാഭ്യാസ, ചാരിറ്റബിൾ ട്രസ്റ്റിനു പിന്നിലെ ചാലകശക്തി കൂടിയായ പിഎൻസി മേനോൻ പറഞ്ഞു.
ഗൃഹശോഭ പിന്നോക്ക കുടുംബങ്ങൾക്കുള്ള 120 സൗജന്യ വീടുകൾക്ക് തറക്കല്ലിട്ടു
