Site iconSite icon Janayugom Online

ഭൂഗര്‍ഭ ജലം വറ്റുന്നു; ഭൂമി കൂടുതല്‍ ചെരിയുന്നു

മനുഷ്യരുടെ ഓരോ പ്രവൃത്തികള്‍മൂലം ഭൂമിക്ക് ഒട്ടനവധി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ദിനംപ്രതി പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ്. അമിതമായ ചൂഷണം കാലാവസ്ഥാ വ്യതിയാനങ്ങളിലേക്കും കാലാവസ്ഥാ ദുരന്തങ്ങളിലേക്കും വഴിമാറിയിരിക്കുകയാണ്. ഭൂമിയുടെ ചെരിവില്‍ 31.5 ഇഞ്ച് (ഏകദേശം 80 സെന്റിമീറ്റര്‍) വ്യത്യാസമുണ്ടായതായാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 1993നും 2010 നും ഇടയിലാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്. ഭൂഗര്‍ഭജലത്തിന്റെ അമിതമായ ഉപയോഗമാണ് ഭൂമിയുടെ ചെരിവ് വര്‍ധിക്കാനുള്ള കാരണമായി പഠനത്തില്‍ പറയുന്നത്. 2150 ഗിഗാ ടണ്‍ ജലമാണ് പുറത്തേക്ക് വലിച്ചെടുത്തിരിക്കുന്നത്. 

ഒട്ടനവധി കാരണങ്ങള്‍ ഭൂമിയുടെ അച്ചുതണ്ടിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മഞ്ഞുപാളികളുടെ ഉരുകല്‍, ഭൂഗര്‍ഭജലം വറ്റിക്കല്‍ എന്നിവയാണ് അതില്‍ പ്രധാനപ്പെട്ടവ. സമാനമായ മാതൃകകള്‍ സൃഷ്ടിച്ചാണ് വിഷയത്തില്‍ പഠനം നടത്തിയിരിക്കുന്നത്. ഭൂഗര്‍ഭജലം പുറന്തള്ളുന്ന മാതൃകയില്‍ 31 ഇഞ്ചിന്റെ ചെരിവ് കണ്ടെത്തിയതായാണ് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന സിയോള്‍ നാഷണല്‍ സര്‍വകലാശാല ജിയോഫിസിസ്റ്റ് കി വിയോണ്‍ സിഒ പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഭൂമിയുടെ അച്ചുതണ്ടിന് അനേകം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനങ്ങളെക്കാള്‍ ഭൂഗര്‍ഭ ജലത്തിന്റെ ചൂഷണമാണ് ഇതിനെ ഏറ്റവും മോശബാധിക്കുന്നതെന്ന് കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. 

ഭൂമിയുടെ ചെരിവിലുണ്ടാകുന്ന മാറ്റം കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകും. ഇത് ഗുരുതരമായ കാലാവസ്ഥാ കെടുതികളിലേക്കും നയിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. 19-ാം നൂറ്റാണ്ടുമുതലുള്ള പോളാര്‍ ചലന വിവരങ്ങള്‍ ശാസ്ത്രജ്ഞരുടെ കൈവശമുണ്ട്. ഇത് ഉപയോഗിച്ച് കഴിഞ്ഞ നൂറ് വര്‍ഷത്തെ വിവരങ്ങള്‍ വിശകലനം ചെയ്തുവരികയാണ്. എല്ലാ വര്‍ഷവും ഭൂമിയുടെ ഭ്രമണധ്രുവത്തില്‍ മീറ്ററുകളുടെ വ്യത്യാസം സംഭവിക്കുന്നുണ്ട്. ഭൂഗർഭജല വീണ്ടെടുക്കലിന്റെ സ്വാധീനം അത്തരം ജലസംഭരണികൾ എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മധ്യ അക്ഷാംശങ്ങളിൽ നിന്ന് നീക്കം ചെയ്ത ജലമാണ് ഭൂമിയുടെ ചെരിവിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയതെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. 

Eng­lish Sum­ma­ry: Ground­wa­ter is dry­ing up; Earth tilts more
You may also like this video

Exit mobile version