Site iconSite icon Janayugom Online

ഐഎൻടിയുസിയിൽ ചന്ദ്രശേഖരന് തടയിടാൻ എ ഗ്രൂപ്പ്

സംസ്ഥാന പ്രസിഡന്റാകാൻ ആർ ചന്ദ്രശേഖരൻ നാലാംവട്ടവും കച്ചമുറുക്കുന്നതിൽ എതിർപ്പ് കടുപ്പിച്ച് ഐ ഗ്രൂപ്പ്. എന്നാൽ ഐഎൻടിയുസിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വോട്ടവകാശമുള്ള തൊഴിലാളി യൂണിയനുകളിൽ ഭൂരിഭാഗവും ഐ വിഭാഗത്തിന്റെ നിയന്ത്രണത്തിലായതിനാൽ എക്കാരുടെ എതിർപ്പിനെ മറുവിഭാഗം തെല്ലും വകവയ്ക്കുന്നുമില്ല.

കൊച്ചിയിൽ 25നാണ് ഐഎൻടിയുസി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. ഒൻപതിന് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. നിലവിൽ ജില്ലാ പ്രസിഡന്റുമാരിൽ ഏറെയും സംസ്ഥാന ഭാരവാഹികളിൽ അധികംപേരും ഐ ഗ്രൂപ്പുകാരാണ്. ചന്ദ്രശേഖരൻ 2007ലാണ് പ്രസിഡ‍ന്റ് സ്ഥാനത്തെത്തുന്നത്. പിന്നീട് 2012ലും 16ലും നടന്ന തെരഞ്ഞെടുപ്പുകളിലും ചന്ദ്രശേഖരൻ വിജയിയായി. ഇത് നാലാം അങ്കമാണ്.

എ ഗ്രൂപ്പിലെ തലമുതിർന്ന നേതാക്കളിൽ പലരും ഭാരവാഹികളായിട്ടുള്ള യൂണിയനുകളുണ്ടെങ്കിലും അവർക്കാർക്കും ഐഎ­ൻടിയുസിയിൽ ആധിപത്യമുറപ്പിക്കാനായിട്ടില്ല. അവയിൽ പലതും ഐഎൻടിയുസിയുടെ അംഗീകാരമുള്ള സംഘടനകളല്ല എന്നതുതന്നെ കാര്യം. എന്നാലും പ്രവർത്തനം ഐഎൻടിയുസിയുടെ വിലാസത്തിലുമാണ്. യൂണിയൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട തൊഴിൽ വകുപ്പിന്റെയോ ദേശീയ‑സംസ്ഥാന നേതൃത്വങ്ങളുടെയോ മാനദണ്ഡങ്ങളൊന്നും കൃത്യമായി പാലിച്ചല്ല അവയുടെ പ്രവർത്തനമെന്നാണ് ഐ ഗ്രൂപ്പിന്റെ വിമർശനം

ഒരു സ്ഥാപനത്തിൽതന്നെ ഐഎൻടിയുസിടെ ലേബലിൽ രണ്ടും മൂന്നും സംഘടനകളുണ്ട്. അവയൊക്കെ പരസ്പരം പോരിലുമാണ്. മുതിർന്ന കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകുന്ന കെഎസ്ഇബിയിലെ യൂണിയനുകളെ ഏകോപിപ്പിക്കാൻ അടുത്തിടെ കെപിസിസിയുടെ നിർദേശമനുസരിച്ച് ചില ശ്രമങ്ങളൊക്കെ നടന്നെങ്കിലും എതിർപ്പ് ശക്തമായിരുന്നു. യൂണിയനുകൾ ഏകോപിപ്പിച്ചാൽ നേതൃസ്ഥാനം ഏതു ഗ്രൂപ്പിന്, ഏതു നേതാവിന് എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതായിരുന്നു എതിർപ്പിന്റെ ഹേതു.

റിട്ടേൺ സമർപ്പിക്കുക, ദേശീയ‑സംസ്ഥാനഘടകങ്ങൾക്ക് വിഹിതമടയ്ക്കുക, രജിസ്ട്രേഷന്റെ ശരിപ്പകർപ്പുകൾ ഹാജരാക്കുക തുടങ്ങിയ സംഘടനാ നടപടികളൊന്നും പിന്തുടരാത്ത, എ ഗ്രൂപ്പ് നേതാക്കളുടെ യൂണിയനുകളെ ഔദ്യോഗിക വിഭാഗം പുറത്തു നിർത്തിയിരിക്കുകയാണ്. വോട്ടവകാശമില്ലാത്തതിനാൽ മുറുമുറുപ്പുമായി വേലിക്കുപുറത്ത് നടക്കാമെങ്കിലും അകത്തേക്കു പ്രവേശനമില്ല.

Eng­lish Sum­ma­ry: Group A to block Chan­drasekha­ran at INTUC

You may like this video also

Exit mobile version