Site iconSite icon Janayugom Online

ഗ്രൂപ്പ് സമവാക്യങ്ങള്‍ തകിടംമറിയുന്നു

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിലെ ഗ്രൂപ്പു സമവാക്യങ്ങള്‍ തകിടംമറിയുന്നു. താന്‍ നയിച്ചിരുന്ന ത്രിമൂര്‍ത്തിഗ്രൂപ്പില്‍ നിന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പുറത്തേക്കു ചാടി എ, ഐ ഗ്രൂപ്പുകള്‍ക്കൊപ്പം ചേരുന്നു. ഇതിന്റെ ഭാഗമായി സുധാകരന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.

സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും എഐസിസി സംഘടനാകാര്യ സെക്രട്ടറി കെ സി വേണുഗോപാലും ചേര്‍ന്ന ഹെെക്കമാന്‍ഡ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ത്രിമൂര്‍ത്തി ഗ്രൂപ്പ് പാര്‍ട്ടിനേതൃത്വം പിടിച്ചെടുക്കാന്‍ നടത്തിവരുന്ന കരുനീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് സുധാകരന്‍ എതിര്‍ഗ്രൂപ്പുകളുമായി ചങ്ങാത്തത്തിലാവുന്നത്. സതീശന്റെയും വേണുഗോപാലിന്റെയും അനാവശ്യ ഇടപെടലുകള്‍ ഭിന്നതയുടെ വിത്തുകള്‍ പാകുന്നതിനാലാണ് താന്‍ ഗ്രൂപ്പ് വിടുന്നതെന്ന് സുധാകരന്‍ അറിയിച്ചതായാണ് സൂചന. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരായ പ്രതികരണങ്ങളില്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ തന്നെ കടത്തിവെട്ടുന്നതിലുള്ള അതൃപ്തി സതീശന്‍ പരസ്യമായിത്തന്നെ പ്രകടിപ്പിച്ചിരുന്നു. ഒറ്റയാള്‍ പട്ടാളമായി താന്‍ പ്രതിപക്ഷധര്‍മ്മം നിര്‍വഹിക്കുമെന്ന് രമേശ് തിരിച്ചടിച്ചത് ത്രിമൂര്‍ത്തിഗ്രൂപ്പിനെതിരായ പോരു മുറുകുന്നതിനുള്ള വഴിമരുന്നിടുകയായിരുന്നു.

കെപിസിസിയുടെ ആദ്യഘട്ട പുനഃസംഘടനാ തെരഞ്ഞെടുപ്പിലും ഡിസിസി പ്രസിഡന്റുമാരുടെ നാമനിര്‍ദേശത്തിലും വേണുഗോപാല്‍ നടത്തിയ ഇടപെടലുകള്‍ അന്നുതന്നെ ഭിന്നതകള്‍ രൂക്ഷമാക്കിയിരുന്നു. വേണുഗോപാലിന്റെ മുന്‍ തട്ടകമായ ആലപ്പുഴയാണ് രമേശിന്റെ ഇപ്പോഴത്തെ നിലപാടുതറ. അവിടെ രമേശ്പക്ഷപാതിയായ ബാബുപ്രസാദിനെ ഡിസിസി പ്രസിഡന്റാക്കുന്നതിനെതിരെ വേണുഗോപാല്‍ വിഫലമായ ഇടങ്കോലിടല്‍ നടത്തിയത് സുധാകരനെപ്പോലും ചൊടിപ്പിച്ചിരുന്നു.

സതീശനും വേണുഗോപാലും ചേര്‍ന്നുനടത്തുന്ന കളികള്‍ കൊഴുക്കുന്നതിനിടെയാണ് സുധാകരന്‍ എ ഗ്രൂപ്പിന്റെ സര്‍വാധികാര്യക്കാരായ ഉമ്മന്‍ചാണ്ടിയുമായും ഐ ഗ്രൂപ്പ് സുപ്രീംകമാന്‍ഡര്‍ രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തിയത്. കെപിസിസി സെക്രട്ടറിമാരുടെ നിയമനമടക്കമുള്ള പുനഃസംഘടനാകാര്യങ്ങളും സംഘടനാ തെരഞ്ഞെടുപ്പുമായിരുന്നു ചര്‍ച്ചാവിഷയങ്ങളെന്നാണ് സൂചന. സംഘടനാ തെരഞ്ഞെടുപ്പ് തല്‍ക്കാലം അജന്‍ഡയിലില്ലെന്ന് സുധാകരന്‍ പരസ്യമായി പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് നടത്തിയ ഈ രഹസ്യ കൂടിക്കാഴ്ചകളും ശ്രദ്ധേയം. സംഘടനാ തെരഞ്ഞെടുപ്പുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച കാര്യപരിപാടിയനുസരിച്ചുതന്നെ നടക്കുമെന്ന് വരണാധികാരിയും കര്‍ണാടക കോണ്‍ഗ്രസ് നേതാവുമായ ജി പരമേശ്വര പിറ്റേന്നുതന്നെ പ്രഖ്യാപനം നടത്തിയതിനു പിന്നില്‍ വേണുഗോപാലിന്റെ ബുദ്ധിയാണെന്ന് സുധാകരപക്ഷം കരുതുന്നു. രണ്ടാം ഘട്ട പുനഃസംഘടനയും അംഗത്വവിതരണവും നടക്കട്ടെ. പിന്നീടാവാം സംഘടനാ തെരഞ്ഞെടുപ്പെന്ന് ഉമ്മന്‍ചാണ്ടിയും രമേശും സുധാകരനെ അറിയിച്ചതായും ഇന്ദിരാഭവന്‍ വൃത്തങ്ങള്‍ പറയുന്നു.

സുധാകരനും ഗ്രൂപ്പ് കമാന്‍ഡര്‍മാരും തമ്മിലുണ്ടാക്കിയ ഈ ധാരണ അവശിഷ്ട സതീശന്‍-വേണുഗോപാല്‍ ഗ്രൂപ്പിനു കനത്ത പ്രഹരവുമായി. തന്റെ പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താനുള്ള തന്ത്രപരമായ നീക്കമാണ് സുധാകരന്‍ നടത്തുന്നതെന്നാണ് ഈ പക്ഷത്തിന്റെ പുതിയ ആരോപണം.

 

Eng­lish Sum­ma­ry: Group equa­tions are in sabotage

You may like this video also

Exit mobile version