Site iconSite icon Janayugom Online

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തം; പ്രകടനങ്ങളുമായി സച്ചിന്‍വിഭാഗം

ഇടവേളക്ക് ശേഷം വീണ്ടും രാജസ്ഥാനില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാകുന്നു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെയും, മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്‍റെയും നേതൃത്വത്തിലാണ് ഗ്രൂപ്പുകള്‍ പരസ്പരം പോരടിച്ച് രംഗത്തു വന്നിരിക്കുന്നത്.ശക്തിപ്രകടനവുമായിട്ടാണ് മുൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലററ്റും കൂട്ടരും ഗോധയിലിരങ്ങിയിരിക്കുന്നത്. സച്ചിന്റെ 46ാം പിറന്നാൾ ആഘോമാക്കി കൊണ്ടാണ് അദ്ദേഹത്തിന് പിന്നിൽ നേതാക്കളും പ്രവർത്തകരും അണിനിരന്നത്.

21 മന്ത്രിമാരും എം എ എമാരും പരിപാടികളിൽ പങ്കെടുത്തു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ പേര് പരിഗണിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സച്ചിൻ ക്യാമ്പിന്റെ നീക്കം.ഗെലോട്ട് അധ്യക്ഷനായാൽ സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. രാജസ്ഥാനിൽ കോൺഗ്രസിനെ അധികാരത്തിലേറ്റുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് സച്ചിൻ .അന്ന് മുഖ്യമന്ത്രിക്ക് സ്ഥാനത്തേക്ക് അദ്ദേഹത്തിന്‍റെ പേര് ഉയർന്ന് കേട്ടെങ്കിലും ഹൈക്കമാന്റിന്റെ കൂടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അശോക് ഗെലോട്ടിന് വേണ്ടി സച്ചിൻ വഴിമാറി കൊടുക്കുകയായിരുന്നു.

ഉപമുഖ്യമന്ത്രി സ്ഥാനമായിരുന്നു അന്ന് സച്ചിന് നൽകിയത്. എന്നാൽ ഭരണത്തിലേറിയത് മുതൽ ഇരു നേതാക്കളും തമ്മിലുള്ള അധികാര വടംവലി ശക്തമായി.ഇതിനിടയിൽ സർക്കാരിനെ മുൾമുനയിലാക്കി സച്ചിൻ വിമത നീക്കം നടത്തിയിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് കൊണ്ട് തനിക്കൊപ്പമുള്ള എംഎൽഎമാരുമായി സച്ചിൻ റിസോർട്ട് രാഷ്ട്രീയം പുറത്തെടുത്തു. പ്രിയങ്ക ഗാന്ധിയടക്കം ഇടപെട്ട് കൊണ്ടായിരുന്നു അന്ന് സച്ചിനെ അനുനയിപ്പിച്ച് കോൺഗ്രസ് ക്യാമ്പിൽ തിരിച്ചെത്തിച്ചത്.അർഹമായ സ്ഥാനം നൽകാമെന്നായിരുന്നു സച്ചിന് നൽകിയ വാഗ്ദാനം. 

എന്നാൽ ഇതുവരെ പദവികളൊന്നും സച്ചിന് ലഭിച്ചിട്ടില്ല. സച്ചിനെ ഏതെങ്കിലും പദവികളിൽ നിയമിക്കുന്നതിൽ ഉടക്ക് തീർക്കുകയാണ് ഗെലോട്ട് എന്നാണ് സച്ചിൻ ക്യാമ്പിന്റെ ആരോപണം. ഇതിനിടയിലാണ് ഇപ്പോൾ അശോക് ഗെലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. അദ്ദേഹം അധ്യക്ഷനായാൽ സച്ചിനെ മുഖ്യമന്ത്രിയാക്കാൻ നേതൃത്വം തയ്യാറാകുമെന്നാണ് സച്ചിൻ ക്യാമ്പിന്റെ പ്രതീക്ഷ. 

സംസ്ഥാനത്ത് കോൺഗ്രസ് സർക്കാരിനെ അധികാരത്തിൽ എത്തിക്കാൻ നിർണായക പങ്കുവഹിച്ച നേതാവാണ് സച്ചിൻ. എത്രനാൾ അദ്ദേഹത്തിന്റെ ക്ഷമ പരീക്ഷിക്കും’, വിരാട് നഗർ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎ ഇന്ദ്രജ് ഗുർജാർ ചോദിച്ചു.അതേസമയം സച്ചിന്റെ മോഹം അത്ര എളുപ്പം നടക്കില്ലെന്നാണ് ഗെലോട്ടിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താത്പര്യമില്ലെന്ന് ഗെലോട്ട് നേതൃത്വത്തെ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറയുന്നു.

ഗാന്ധി കുടുംബം അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്. രാഹുൽ അധ്യക്ഷനായില്ലെങ്കിൽ അത് കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ഗോലോട്ടിന്‍റെ അനുയായിയും രാജ്യസഭ എംപിയുമായ പ്രമോദ് തിവാരി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ആർക്ക് വേണമെങ്കിലും മത്സരിക്കാം, നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. കോൺഗ്രസ് അർഹരായവരെ തിരഞ്ഞെടുക്കും. പക്ഷേ ഗാന്ധി കുടുംബം പാർട്ടിയെ നയിക്കണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായം, പ്രമോദ് പറഞ്ഞു.അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ഗെലോട്ട് തയ്യാറായേക്കില്ലെന്ന വ്യക്തമായ സൂചനയാണ് പ്രമോദ് തിവാരിയുടെ പ്രതികരണത്തെ വിലയിരുത്തപ്പെടുന്നത്.

അതേസമയം വിദേശത്ത് ചികിത്സയിൽ കഴിയുന്ന പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി തിരിച്ചെത്തിയാൽ ഉടൻ ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തിയേക്കും. അദ്ദേഹത്തിന് മേൽ സോണിയ സമ്മർദ്ദം ചെലുത്തിയേക്കുമെന്നാണ് സൂചന. സോണിയ ഇടപെട്ടാൽ ഗെലോട്ടിന് അനുസരിക്കേണ്ടി വന്നേക്കുമെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ അത്തരമൊരു സാഹചര്യം ഉണ്ടായാൽ ചില നിബന്ധനകൾ അദ്ദേഹം മുന്നോട്ട് വെച്ചേക്കും. അതിൽ പ്രധാനം രാജസ്ഥാൻ മുഖ്യമന്ത്രി പദത്തെ സംബന്ധിച്ചായിരിക്കും. 

പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനവും മുഖ്യമന്ത്രി പദവും വഹിക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ താൻ നിർദ്ദേശിക്കുന്നയാളെ മുഖ്യമന്ത്രി ആക്കണമെന്ന് ഗെലോട്ട് ഉപാധി വെച്ചേക്കും. ഇത് സംബന്ധിച്ച് ഹൈക്കമാന്റ് എന്ത് നിലപാട് എടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും സച്ചിന്റെ നിയമനവും. ചുരുക്കത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിലൊന്നായ രാജസ്ഥാനില്‍ പാര്‍ട്ടി ശക്തമായ ഗ്രൂൂപ്പ് പോരില്‍ ആടിയുലയുകയാണ്

Eng­lish Sum­ma­ry: Group fight strong in Rajasthan Con­gress; Sachin with performances

You may also like this video: 

Exit mobile version