Site iconSite icon Janayugom Online

ഡിസിസി പ്രസിഡന്റുമാരുടെ സ്ഥാനചലനം നേരിടാനുറച്ച് ഗ്രൂപ്പുകൾ

KPCCKPCC

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഡിസിസി അധ്യക്ഷന്മാരെ മാറ്റാനുള്ള നീക്കം കോൺഗ്രസിൽ എതിർപ്പിനും തർക്കത്തിനും പുതിയ വഴി തുറക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആത്മാർത്ഥമായി പണിയെടുത്ത ജില്ലാ പ്രസിഡന്റുമാരെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീക്കുന്നതിലെ യുക്തി ബോധ്യമാവുന്നില്ലെന്നാണ് ഗ്രൂപ്പുകളിൽ നിന്നുയരുന്ന പരാതി. 

കഴിഞ്ഞ കെപിസിസി ഭാരവാഹി യോഗത്തിന് മുമ്പായി സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജന. സെക്രട്ടറി ദീപ ദാസ് മുൻഷിയും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായതെന്നാണ് വിവരം. പകുതിയിലധികം ഡിസിസി അധ്യക്ഷന്മാരെയും ഒഴിവാക്കാനാണ് ധാരണ. എന്നാൽ, ഇതത്ര എളുപ്പമല്ല എന്നതാണ് കോൺഗ്രസിലെ പ്രത്യേകത. ഗ്രൂപ്പുകളുടെ പ്രതിനിധികളായും പ്രത്യേക താല്പര്യങ്ങളുടെ പുറത്തും സ്ഥാനത്തെത്തിയവരാണ് ജില്ലാ പ്രസിഡന്റുമാർ. ആ അവസ്ഥയ്ക്ക് നിലവിൽ വലിയ മാറ്റമൊന്നുമുണ്ടായിട്ടുമില്ല. 

നേരത്തേ 10 ജില്ലകളിലെ പ്രസിഡന്റുമാരെ മാറ്റാൻ ആലോചന നടന്നതാണ്. സ്ഥാനനഷ്ടം സംഭവിക്കാനിടയുള്ളവരെല്ലാം ഒറ്റക്കെട്ടായി നീങ്ങുകയും ഡൽഹിയിലേക്ക് പ്രതിഷേധം പ്രവഹിക്കുകയുമൊക്കെ ചെയ്തതോടെ പ്രതിസന്ധിയിലായ നേതൃത്വം വിഷയം തന്ത്രപൂർവം കയ്യൊഴിഞ്ഞു. പിന്നെ, ഇപ്പോഴാണ് കാര്യം വീണ്ടും ചർച്ചയാകുന്നത്. ഈമാസം 15നുള്ളിൽ ബ്ലോക്ക്, മണ്ഡലം പുനഃസംഘടന പൂർത്തിയാക്കണം എന്ന് അവസാന തീരുമാനമുണ്ടായിരുന്നെങ്കിലും നടന്നില്ല.
അപൂർവം ചില ബ്ലോക്ക് കമ്മിറ്റികളിൽ പട്ടിക ആയിട്ടുണ്ടെങ്കിലും വീതംവയ്പ് സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ അനിശ്ചിതത്വത്തിലാണ്. ബ്ലോക്ക് കഴിഞ്ഞുവേണം മണ്ഡലം പുനഃസംഘടനയിലേക്ക് കടക്കാൻ. അങ്ങനെ വരുമ്പോൾ അടുത്ത കാലത്തൊന്നും ഈ പ്രക്രിയ പൂർണമാവാനിടയില്ല.

Exit mobile version