Site iconSite icon Janayugom Online

പെരുകിവരുന്ന അസമത്വങ്ങള്‍

IEIE

ന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ സ്ഥിരമായി അലട്ടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ പ്രതിസന്ധികളിലൊന്നാണല്ലോ സാമ്പത്തികാസമത്വങ്ങളില്‍ തുടര്‍ച്ചയായി അനുഭവപ്പെടുന്ന വര്‍ധന. രാജ്യത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പുകളുടെ കാലഘട്ടത്തില്‍ ഇത് സജീവ ചര്‍ച്ചാവിഷയമാക്കുകയും ചെയ്യാറുണ്ട്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ശാശ്വതപരിഹാരം കണ്ടെത്തുമെന്ന് മാനിഫെസ്റ്റോകളില്‍ എഴുതിച്ചേര്‍ക്കുകയും പതിവാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ ദേശീയതലത്തില്‍ മുന്തിയ പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യപ്പെട്ടൊരു മാനിഫെസ്റ്റോ കോണ്‍ഗ്രസ് പാര്‍ട്ടിയുടേതാണ്. ഈ ‘ന്യായപത്ര’ രേഖയിലെ മുഖ്യ ഇനം ‌സാമ്പത്തികാസമത്വവും വരുമാനത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണ പ്രവണതയുമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നതിനു പകരം ശ്രദ്ധ തിരിച്ചുവിടല്‍ തന്ത്രമാണ് ആവിഷ്കരിച്ചത്. ഈ പ്രശ്നം ഇന്നത്തെ നിലയില്‍ ഗുരുതരാവസ്ഥയിലായതിനുള്ള ഉത്തരവാദിത്തം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ദീര്‍ഘകാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനാണെന്നായിരുന്നു മോഡിയുടെ കണ്ടെത്തല്‍. അതുകൊണ്ട് കഴിഞ്ഞ ഒരു ദശകക്കാലം അധികാരത്തിലിരുന്ന മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും പൂര്‍ണമായും ഒഴിഞ്ഞുമാറാന്‍ കഴിയില്ല.
2022–23ല്‍ മൊത്തം ദേശീയ വരുമാനത്തില്‍ 22.6 ശതമാനവും ചെന്നെത്തിയത് സമൂഹത്തിലെ ഉന്നതരായ കേവലം ഒരു ശതമാനം പേരുടെ നിയന്ത്രണത്തിലാണ്. സ്വത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട അസമത്വം ഇതിലേറെ ഗുരുതരവും പ്രകടവുമാണ്. കേവലം ഒരു ശതമാനം പേര്‍ക്കാണ് സമൂഹത്തിലെ സ്വത്തിന്റെ 40.1 ശതമാനവും സ്വന്തമായുള്ളത്. വരുമാനത്തിന്റെയും സ്വത്തിന്റെയും ഈ പങ്കിടല്‍ നീതീകരിക്കുന്നതില്‍ എന്തെങ്കിലും ന്യായമോ യുക്തിയോ ഇല്ലെന്നുതന്നെ പറയാവുന്നതാണ്. ഈ വിതരണ മാതൃക ശക്തമായി ചോദ്യം ചെയ്യപ്പെടേണ്ടതും ചെറുക്കപ്പെടേണ്ടതുമാണ്.
ജനസംഖ്യയുടെ ഒരു ചെറിയ വിഭാഗം വരുന്ന കോര്‍പറേറ്റുകളും അവരുടെ സില്‍ബന്ധികളും ഐശ്വര്യപൂര്‍ണവും ആഡംബരപൂര്‍വവുമായ ജീവിതം നയിക്കുമ്പോള്‍ ബഹുഭൂരിഭാഗം വരുന്ന സമാന്യജനത അര്‍ഹമായ തൊഴിലവസരങ്ങളോ വരുമാനമോ നിഷേധിക്കപ്പെട്ട്, ക്ലേശകരമായ ജീവിതം തള്ളിനീക്കാന്‍ നിര്‍ബന്ധിതരാവുമ്പോള്‍ അനീതിയുടെ ആഴവും പരപ്പും പകല്‍പോലെ വ്യക്തമാക്കപ്പെടുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, മറ്റു ലോക രാജ്യങ്ങളിലും അപ്രായോഗികമാണെന്ന് ഇതിനകം ബോധ്യമായിരിക്കുന്ന ‘ട്രിക്കിള്‍ഡൗണ്‍’ പ്രക്രിയയുടെ പ്രസക്തി തീര്‍ത്തും ഇല്ലാതായിരിക്കുന്നതും ഇത്തരമൊരു പശ്ചാത്തലത്തിലാണ്. ഇതുവഴി സ്വത്തും വരുമാനവും അവ സൃഷ്ടിക്കുന്നവരിലേക്ക് ‘ചോര്‍ന്നു‘കിട്ടുന്നു എന്നത് വെറും സാങ്കല്പികതയായി മാറിയിരിക്കുകയാണ്.


ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ – ഭാവി എന്ത് ?


ഇന്ത്യയില്‍ ഇത്തരമൊരു പ്രതിസന്ധിയുടെ ഗൗരവം ബോധ്യമാക്കപ്പെട്ടത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുഫലങ്ങളിലാണ്. ബിജെപിയും സംഘ്പരിവാര്‍ ശക്തികളും മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളുടെയും ജനാധിപത്യ മര്യാദയുടെയും സീമകളെല്ലാം പൂര്‍ണമായി ലംഘിക്കുകയും നഗ്നമായ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പേരില്‍ ജനപിന്തുണ തേടുകയും ചെയ്തു. ഇന്ത്യന്‍ ജനത അതെല്ലാം തിരസ്കരിക്കുകയും ചെയ്തു. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍പ്പോലും ബിജെപി സ്ഥാനാര്‍ത്ഥി അരലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയമേറ്റുവാങ്ങി.
സാമ്പത്തികാസമത്വവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും വിവാദങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പ്രധാനമായും നികുതിനിരക്ക് വര്‍ധനവിലൂടെയുള്ള വരുമാന പുനര്‍വിതരണ മാര്‍ഗങ്ങളിലാണ്. സമ്പന്നര്‍ക്കു മേല്‍ത്തരം നികുതിഭാരം ചുമത്തുക, പാവങ്ങള്‍ക്ക് സബ്സിഡി അനുവദിക്കുക എന്ന പൊതുനയമാണ് ഇവയിലൂടെ ഉരുത്തിരിയുന്നത്. ഇന്ത്യയില്‍ നാളിതുവരെയായി പിന്തുടര്‍ന്നുവരുന്ന നയസമീപനവും ഇതാണ്. എന്നിരുന്നാല്‍ത്തന്നെയും ഈ നയം പറയത്തക്ക ഗുണം ചെയ്തിട്ടില്ല. മാത്രവുമല്ല, മറ്റ് ഇടത്തരം വരുമാന വിഭാഗത്തില്‍പ്പെടുന്ന രാജ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇന്ത്യയുടെ നികുതി-ജിഡിപി അനുപാതം ഏറ്റവും താണ നിലവാരം പുലര്‍ത്തുന്നു. അതേ അവസരത്തില്‍ സാധാരണക്കാരെ കൂടുതല്‍ ബാധിക്കുന്ന പരോക്ഷ നികുതികളാണ് മൊത്തം നികുതി വരുമാനത്തില്‍ മൂന്നിലൊന്നു ഭാഗവും വരുന്നതെന്നും കാണാനാകും. പ്രത്യക്ഷ നികുതി വരുമാന നിരക്കുകളും നീതിയുക്തമാണെന്ന് കരുതാന്‍ കഴിയില്ല. വരുമാന വര്‍ധനവിനാനുപാതികമായി നേരിയ തോതില്‍പോലും നിരക്കു വര്‍ധനവില്ല. 2023–24ലെ ബജറ്റ് കണക്കെടുത്താല്‍ കാണാന്‍ കഴിയുക നികുതി ചുമത്തുന്നതിനു മുമ്പ് 500 കോടി രൂപയിലേറെ വരുമാനമോ ലാഭമോ ഉള്ള കമ്പനികളുടെ നികുതി നിരക്ക് 19.14 ശതമാനമായിരുന്നെങ്കില്‍ പ്രതിവര്‍ഷ ലാഭം ഒരു കോടി വരെയായിരുന്ന കമ്പനികളുടെ മേലുള്ള നികുതിനിരക്ക് 24.8 ശതമാനമായിരുന്നു. ഇതെങ്ങനെ നീതിയുക്തമാകും?
സാമൂഹ്യക്ഷേമ മേഖലയ്ക്കുള്ള ബജറ്റിലെ നീക്കിയിരിപ്പ് മറ്റു രാജ്യങ്ങളുടേതിലും വളരെയേറെ കുറവാണ് നമ്മുടേത്. ആരോഗ്യ മേഖലയ്ക്കുള്ള ചെലവ് ജിഡിപിയുടെ വെറും 1.3 ശതമാനം മാത്രമാണെന്നിരിക്കെ 2025 ആകുന്നതോടെ ഇത് 2.5 ശതമാനമാക്കണമെന്നാണ് ദേശീയ ആരോഗ്യനയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വരുത്തിവച്ച ആരോഗ്യ പ്രതിസന്ധി ഇക്കുറി കണക്കിലെടുത്തിട്ടില്ല. സമാനമായ അവഗണനയാണ് ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ കാര്യത്തിലും കാണുന്നത്. റവന്യു വരുമാന വര്‍ധനവിന്റെ മുഖ്യ ലക്ഷ്യം സാമ്പത്തിക വികസനം മാത്രമായിരിക്കരുത്, സാമൂഹ്യ‑ആരോഗ്യ മേഖലാ വികസനം കൂടിയായിരിക്കണം. കാരണം. വികസനത്തിന്റെ ഊന്നല്‍ പാവപ്പെട്ട ജനതയുടെ ജീവിത സൗകര്യ വര്‍ധനവായിരിക്കണം.


ആരോഗ്യം ക്ഷയിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ


അസമത്വങ്ങള്‍ തുടരുന്നത് സാമ്പത്തിക വികസനത്തിനുതന്നെ ഹാനികരമായിരിക്കും. വികസനത്തിനാവശ്യം മൂലധന നിക്ഷേപമാണ്. മൂലധന നിക്ഷേപത്തിന്റെ ഉറവിടം ജനതയുടെ സമ്പാദ്യമാണ്. സമ്പാദ്യം വേണമെങ്കില്‍ വരുമാനം വേണം. വരുമാനം തൊഴിലിനെ ആശ്രയിച്ചാണിരിക്കുന്നത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്തുന്നതിന് അനിവാര്യമായത് തൊഴിലവസര സൃഷ്ടിയാണ്. തൊഴിലും വരുമാനവും സൃഷ്ടിക്കാതെ വികസന പ്രക്രിയയോ മനുഷ്യജീവന്‍ നിലനിര്‍ത്തുകയോ ചെയ്യുക അസാധ്യമായിരിക്കും. കുറേയേറെ നാളുകളായി ഇന്ത്യയില്‍ നടക്കുന്നത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാത്ത വികസനം- ജോ‌ബ്‌ലെസ് ഗ്രോത്ത്- ആണ്. ഉല്പാദനവും ജിഡിപി വളര്‍ച്ചയും നടക്കുന്നുമുണ്ട്. ഇതിനര്‍ത്ഥം വര്‍ധിക്കുന്ന ഉല്പാദന നിരക്ക് ലാഭത്തിലും വര്‍ധനവുവരുത്തുന്നു എന്നാണ്. ഈ ലാഭമാണെങ്കില്‍ ഒരു ന്യൂനപക്ഷം വരുന്ന മുതലാളിമാര്‍ കയ്യടക്കുകയാണ്. അതോടെ അവരുടെ വിലപേശല്‍ ശക്തിയിലും വര്‍ധനവുണ്ടാകുന്നു.
മറുവശത്ത് തൊഴില്‍രഹിതരുടെ എണ്ണം പെരുകുന്നു. അവരുടെ വിലപേശല്‍ ശക്തി കുറയുന്നു. വേതനനിരക്കുകളിലും ഇടിവുണ്ടാകുന്നു, മരവിപ്പുണ്ടാകുന്നു. ജീവിതനിലവാരവും താണുപോകുന്നു. ഈ പ്രക്രിയ ആവര്‍ത്തിക്കുന്നതനുസരിച്ച് അസമത്വങ്ങളും വര്‍ധിക്കാനിടയാകുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ നമുക്ക് മുന്നിലുള്ള ഏക രക്ഷാമാര്‍ഗം തൊഴിലവസര വര്‍ധനവാണ്. അല്പവരുമാനം മാത്രം ലഭിക്കുന്ന സ്വയം തൊഴിലവസരങ്ങളല്ല നമുക്കാവശ്യം, മാന്യമായ തൊഴിലും മതിയായ വരുമാനവും ലഭിക്കുന്ന ജോലികളാണ്. ഈ ലക്ഷ്യത്തിലെത്താന്‍ തുല്യതയിലൂന്നിയ വികസന പരിപ്രേക്ഷ്യമാണ് അനുപേക്ഷണീയമായിട്ടുള്ളത്. എങ്കില്‍ മാത്രമേ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കനുസൃതമായി ജനങ്ങളുടെ വരുമാനത്തിലും ക്രയശേഷിയിലും വര്‍ധനവുണ്ടാവുകയുള്ളു. ഈ ലക്ഷ്യത്തിലെത്താന്‍ വികസന മേഖലയില്‍ സര്‍ക്കാര്‍ സജീവമായ പങ്ക് വഹിക്കേണ്ടിവരും. ദേശീയ തൊഴിലുറപ്പ് പദ്ധതികളും പൊതുവിതരണ സംവിധാനം പോലുള്ള ക്ഷേമ പരിപാടികളും മാത്രമല്ല നേരിട്ടുള്ള പണം കൈമാറല്‍ പദ്ധതികളും പ്രാവര്‍ത്തികമാക്കേണ്ടിവരും.


ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്റ്റാഗ്ഫ്ലേഷന്റെ പിടിയില്‍


ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് — ഇടതു പാര്‍ട്ടികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടുള്ളതുപോലെ ഒരു തൊഴില്‍ദാതാവെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമല്ല, തുല്യമായ നിലയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും അസമത്വങ്ങള്‍ പരിഹരിക്കുന്നതിന് തൊഴിലവസരങ്ങളും വരുമാന മാര്‍ഗങ്ങളും ആവിഷ്കരിക്കാന്‍ ബാധ്യതയുണ്ട്. സംഘടിത പൊതുസേവന മേഖലകളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തേണ്ടത് ഇത്തരം പൊതു സേവനങ്ങളെ ആശ്രയിക്കുന്ന സാധാരണ ജനങ്ങള്‍ക്കുകൂടി അത്യന്താപേക്ഷിതമാണ്. വനിതകള്‍ക്കും യുവാക്കള്‍ക്കും ഇത്തരമൊരു സമീപനം വലിയൊരു അനുഗ്രഹവുമായിരിക്കും. മനുഷ്യവിഭവ വികസനം ത്വരിതപ്പെടുത്തുക വഴി വികസന പ്രക്രിയയുടെ ആക്കം വര്‍ധിപ്പിക്കാനും കഴിയും. തൊഴില്‍ കേന്ദ്രീകൃത വികസന പരിപ്രേക്ഷ്യത്തിലൂടെ മാത്രമേ നാമമാത്ര ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വികസനം ത്വരിതപ്പെടുത്തുകയും ജിഡിപിയുടെ കൂടുതല്‍ തുല്യമായ ലഭ്യത വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉറപ്പാക്കുകയും ചെയ്യാന്‍ വഴിയൊരുങ്ങുകയുള്ളു. എന്നാല്‍ നിലവിലുള്ള ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇതിനനുയോജ്യമായൊരു നയംമാറ്റം പ്രതീക്ഷിക്കുന്നത് അസ്ഥാനത്തായിരിക്കും.

Exit mobile version