Site icon Janayugom Online

ഓണ്‍ലൈന്‍ ഗെയിമിന് ജിഎസ്ടി; കാസിനോ-കുതിരപ്പന്തയത്തിനും ബാധകം

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് 28 ശതമാനം ജിഎസ‌്ടി ചുമത്താന്‍ തീരുമാനം. ഇതോടാെപ്പം കുതിരപ്പന്തയം, കാസിനോ എന്നിവയ്ക്കും 28 ശതമാനം ജിഎ‌സ്ടി ബാധകമാക്കും. ഇന്നലെ നടന്ന 50-ാമത് ജിഎസ‌്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഗോവയില്‍ മാത്രം നികുതി 18 ശതമാനമായി തുടരാനും കൗണ്‍സില്‍ അനുമതി നല്‍കി. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. 

കാന്‍സറിനും അപൂര്‍വ രോഗങ്ങള്‍ക്കമുള്ള മരുന്നുകളുടെ വില കുറയും. ഇവയുടെ നികുതി ഒഴിവാക്കി. ചികിത്സാ ആവശ്യങ്ങള്‍ക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും ജിഎ‌സ‌്ടി ഒഴിവാക്കിയിട്ടുണ്ട്. സിനിമാ തിയേറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷണങ്ങള്‍ക്കും ശീതള പാനീയങ്ങള്‍ക്കും വില കുറയും. ജിഎസ‌്ടി 18 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കാന്‍ കൗണ്‍സിലില്‍ തീരുമാനമായി.
പാചകം ചെയ്യാത്തതും വറുക്കാത്തതുമായ ലഘു ഭക്ഷണങ്ങള്‍ക്കും വില കുറയും. പാക്കറ്റു ചെയ്ത പപ്പടത്തിന്റെ നികുതി 18ല്‍ നിന്നു അഞ്ച് ശതമാനമാക്കി കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വര്‍ണത്തിനു ഇ വേ ബില്‍ നടപ്പിലാക്കാനും തീരുമാനിച്ചു. ജിഎസ‌്ടി ട്രൈബ്യൂണല്‍ രണ്ട് ബെഞ്ചുകള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും ഇവ സ്ഥാപിക്കുക. ഒരു ജുഡീഷ്യല്‍ അംഗവും ഒരു ടെക്‌നിക്കല്‍ അംഗവും ബെഞ്ചില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry: GST for online gam­ing also applies to casi­no-horse racing

You may also like this video

Exit mobile version