സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലൂടെ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷിയിലൂടെ മികച്ച ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. പയർ, പടവലം, പീച്ചിൽ, പാവൽ പച്ചമുളക്, വെണ്ട, വാഴ തുടങ്ങിയവയാണ് പ്രധാനവിളകൾ.
ഓരോ വാർഡിലും 50 സെൻറ് സ്ഥലത്താണ് കൃഷി നടത്തുന്നത്. പഞ്ചായത്തിലെ 17 വാർഡുകളിലായി എട്ട് ഏക്കറിലധികം സ്ഥലത്ത് പദ്ധതി പ്രകാരം കൃഷി ചെയ്യുന്നുണ്ട്. ഓരോ വാർഡിലും തൊഴിലാളികൾ തന്നെ കണ്ടെത്തിയ സ്ഥലങ്ങളിലും പുറമ്പോക്ക് സ്ഥലങ്ങളിലും ആയാണ് കൃഷി നടത്തുന്നത്. ആവശ്യമായ സാങ്കേതിക സഹായം കൃഷിവകുപ്പ് ലഭ്യമാക്കുന്നു. കൃഷി ചെയ്തെടുക്കുന്ന പച്ചക്കറി ഉത്പന്നങ്ങളിലൂടെ ലഭിക്കുന്ന വരുമാനം തൊഴിലുറപ്പ് തൊഴിലാളികൾക്ക് തന്നെ വീതിച്ചെടുക്കാം. ഒപ്പം തൊഴിൽ ദിനങ്ങളുടെ വേതനവും തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും ഇവർക്ക് ലഭിക്കും.