Site iconSite icon Janayugom Online

വിദ്യാർത്ഥികളിലെ മാനസികസമ്മര്‍ദ്ദം പരിഹരിക്കാന്‍ നടപടി

വിദ്യാർത്ഥികള്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദം സമയബന്ധിതമായി തിരിച്ചറിഞ്ഞ് നടപടിയെടുക്കണമെന്ന് സ്കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍ൿി എന്‍സിഇആര്‍ടി. സ്കൂളുകള്‍ കേന്ദ്രീകരിച്ച് മാനസികാരോഗ്യ ഉപദേശക സമിതി രൂപീകരിക്കുന്നതുള്‍പ്പെടെ മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ 80 ശതമാനം വിദ്യാര്‍ത്ഥികളും ഉത്കണ്ഠയും മാനസിക സംഘര്‍ഷവും നേരിടുന്നതായി സര്‍വേയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. വിദ്യാർത്ഥികളുടെ മാനസിക ക്ഷേമം ഉറപ്പാക്കുന്നതിന് സ്കൂൾ കേന്ദ്രീകരിച്ച് മാനസികാരോഗ്യ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും മാതാപിതാക്കളെക്കൂടി ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കണമെന്നും എൻസിഇആർടി നിര്‍ദ്ദേശിച്ചു.

സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും എല്ലാ കുട്ടികളുടെയും സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ ഉറപ്പാക്കേണ്ടത് സ്കൂളിന്റെ ഉത്തരവാദിത്തമാണെന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. പരീക്ഷകളും പഠനവും കുട്ടികളിലെ ഉത്കണ്ഠയ്ക്ക് പ്രധാന കാരണമെന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മനോദർപൺ സെല്‍ രാജ്യവ്യാപകമായി നടത്തിയ ആദ്യത്തെ മാനസികാരോഗ്യ സർവേയിലെ പ്രധാന കണ്ടെത്തല്‍. 81 ശതമാനം സ്‌കൂൾ വിദ്യാർത്ഥികളിലും പഠനവും പരീക്ഷയുടെ ഫലങ്ങളും ഉത്കണ്ഠയ്ക്ക് കാരണമാകുന്നു. ഉയർന്ന ക്ലാസുകളിലേക്ക് പോകുന്തോറും ഇതിന്റെ വ്യാപ്തി കൂടുമെന്നും പഠനത്തില്‍ പറയുന്നു.

3.79 ലക്ഷം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച സർവേയില്‍ 73 ശതമാനം വിദ്യാർത്ഥികള്‍ അവരുടെ സ്കൂൾ ജീവിതത്തിൽ തൃപ്തരാണെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ 45 ശതമാനത്തിലധികം വിദ്യാർത്ഥികൾ അവരുടെ ശാരീരിക രൂപത്തിൽ തൃപ്തരല്ലെന്നും സര്‍വേ പറയുന്നു. എല്ലാ മാനസികാരോഗ്യ അവസ്ഥകളുടെയും പകുതി വ്യക്തികളില്‍ 14 വയസിനുള്ളില്‍ രൂപപ്പെടുന്നുണ്ട്. 25 വയസ് ആകുമ്പോഴേക്കും മാനസിക വളര്‍ച്ചയുടെ മുക്കാൽ ഭാഗവും കൈവരിക്കുകയും ചെയ്യുന്നു. കുട്ടികള്‍ ഒരു ദിവസത്തിന്റെ മൂന്നിലൊരു ഭാഗം ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ കുട്ടികള്‍ ചെലവഴിക്കുന്ന സമയം വര്‍ധിക്കുന്നു. കുടുംബത്തിനും രക്ഷിതാക്കള്‍ക്കും പുറമെ അധ്യാപകര്‍ക്കും കുട്ടികളുടെ വ്യക്തിത്വ വികാസത്തില്‍ ഏറെ പ്രധാനമായ പങ്ക് വഹിക്കാന്‍ സാധിക്കും. ഇക്കാരണത്താല്‍ സ്കൂളുകളില്‍ ഒരു മാനസികാരോഗ്യ വളര്‍ച്ചാ പദ്ധതി അനിവാര്യമാണെന്നും എന്‍സിഇആര്‍ടി ചൂണ്ടിക്കാട്ടുന്നു.

     വാർഷിക സ്കൂൾ മാനസികാരോഗ്യ പദ്ധതി

Eng­lish Sum­ma­ry: NCERT issues guide­lines for ear­ly iden­ti­fi­ca­tion of men­tal health prob­lems in students
You may also like this video

Exit mobile version