മഹാരാഷ്ട്രയിൽ ഗില്ലിൻബാരെ സിൻഡ്രോം മൂലം മരിച്ചവരുടെ എണ്ണം നാലായി. ഇതുവരെ 140 കേസുകളിൽ ഗില്ലിൻബാരെ സിൻഡ്രോം സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. റിപ്പോർട്ട് ചെയ്ത കേസുകളിൽ ഭൂരിഭാഗവും പൂണെയിലും പരിസര പ്രദേശങ്ങളിലുമാണ്. പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിൽ വ്യാഴാഴ്ച രോഗം ബാധിച്ച് 36കാരൻ മരിച്ചു. ധയാരി പ്രദേശത്തെ 60 വയസ്സുള്ള ആളാണ് മരിച്ച മറ്റൊരാൾ. രോഗം സ്ഥിരീകരിച്ച പകുതിയിലേറെ പേർ 30 വയസ്സിൽ താഴെയാണ്.
സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് 140 രോഗികളിൽ 98 പേർക്ക് ഗില്ലിൻബാരെ സിൻഡ്രോം സ്ഥിരീകരിച്ചത്. 140 പേരിൽ 26 രോഗികൾ പൂണെ നഗരത്തിൽ നിന്നുമാണ്. 78 പേർ പി.എം.സി ഏരിയയിൽ നിന്നും, 15 പേർ പിംപ്രി ചിഞ്ച്‌വാഡിൽ നിന്നും, 10 പേർ പൂണെ റൂറലിൽ നിന്നും, 11 പേർ മറ്റ് ജില്ലകളിൽ നിന്നുമുള്ളവരാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷിയെ താളംതെറ്റിക്കുകയാണ് ജിബിഎസ് ചെയ്യുന്നത്. ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്‍റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, മരവിപ്പ് എന്നിവയാണി രോഗ ലക്ഷണങ്ങള്‍. ഗുരുതരമായവരിൽ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

