പൂനെയിൽ ഗില്ലന്‍ ബാരി സിൻഡ്രോം ബാധിച്ച 37 വയസ്സുള്ള ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഈ അപൂർവ നാഡീസംബന്ധമായ അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി. രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന 192 പേരില്‍ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം കേസുകളുള്ള പൂനെയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ താളംതെറ്റിക്കുകയാണ് ഗില്ലിൻ‑ബാരെ സിൻഡ്രോം ചെയ്യുന്നത്. . ശ്വാസകോശത്തിലോ ദഹനനാളത്തിലോ അണുബാധയോടെയാണ് രോഗത്തിന്റെ ആരംഭം. പേശി ബലഹീനത, പനി, വയറിളക്കം, വയറുവേദന, ക്ഷീണം, കൈ കാൽ മരവിപ്പ് എന്നീ ലക്ഷണങ്ങളെല്ലാം കണ്ടേക്കാം. ഗുരുതരമായവരിൽ പക്ഷാഘാതം വരെ സംഭവിക്കാൻ സാധ്യതയുണ്ട്. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾ എടുക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

