Site icon Janayugom Online

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രടനപത്രിക : അധികാരത്തില്‍ എത്തിയാല്‍ നരേന്ദ്രമോഡി സ്റ്റേഡിയത്തിന്‍റെ പേര് മാറ്റി സര്‍ദ്ദാര്‍ പട്ടേല്‍ എന്നാക്കുമെന്ന് കോണ്‍ഗ്രസ്

ഗുജറാത്തില്‍ അധികാരത്തില്‍ എത്തിയാല്‍ നരേന്ദ്രമോഡി സ്റ്റേഡിയത്തിന്‍റെ പേര് മാറ്റി സര്‍ദ്ദാര്‍ പട്ടേല്‍ സ്റ്റേഡിയം എന്നാക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രിക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടനപത്രികയിലാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന് പ്രകടന പത്രികയ്ക്ക് അംഗീകാരം നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗഹലോട്ട്
പറഞ്ഞു.

പത്ത് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന വാഗ്ദാനവുമായി പുറത്തിറക്കിയ പ്രകടന പത്രികയില്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ അമ്പത് ശതമാനം സംവരണം നല്‍കുമെന്നും ഉറപ്പ് നല്‍കുന്നുണ്ട്. അവിവാഹിതരായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും മുതിര്‍ന്ന സ്ത്രീകള്‍ക്കും മാസം 2000 രൂപ വീതം നല്‍കും. 3000 സര്‍ക്കാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ തുറക്കും. പെണ്‍കുട്ടികള്‍ക്ക് ബിരുദാനന്തരബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കും. തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് മാസം 3000 രൂപ വീതം നല്‍കുമെന്നും പറയുന്നു.

മൂന്നു ലക്ഷം രൂപ വരെ കാര്‍ഷിക ലോണ്‍, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 500 രൂപയ്ക്ക് ഗാര്‍ഹികാവശ്യത്തിനായുള്ള ഗ്യാസ് സിലിണ്ടര്‍ എന്നിവയും പ്രകടന പത്രികയില്‍ ഉള്‍പ്പെടുന്നു. പത്ത് ലക്ഷം രൂപ വരെ സൗജന്യ ചികിത്സയും സൗജന്യ മെഡിക്കല്‍ പരിശോധനയും അഞ്ച് ലക്ഷം രൂപക്ക് വരെ സൗജന്യ മരുന്നുകളും നാല് ലക്ഷം രൂപ കോവിഡ് നഷ്ടപരിഹാരമായി നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. 

ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച ഗഹലോട്ട് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കഴിഞ്ഞ 27 വര്‍ഷങ്ങളില്‍ അഴിമതിയുമായി ബന്ധപ്പെട്ട ലഭിച്ച എല്ലാ പരാതികളിലും അന്വേഷണത്തിന് ഉത്തരവിടുമെന്നും കുറ്റക്കാരയവര്‍ക്ക് തക്ക ശിക്ഷ നല്‍കുമെന്നും പറഞ്ഞു. ഡിസംബര്‍ 1, 5 തീയതികളിലായി രണ്ടു ഘട്ടങ്ങളായിരിക്കും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

Eng­lish Summary:GujaratAssembly Elec­tion Man­i­festo: Con­gress will rename Naren­dra Modi Sta­di­um as Sar­dar Patel if it comes to power

You may also like this video:

Exit mobile version