Site iconSite icon Janayugom Online

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; രാഹുലും,സോണിയയും പ്രശാന്ത്കിഷോറുമായി ചര്‍ച്ച നടത്തി

prasanth kishoreprasanth kishore

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പ്രശാന്ത് കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ച.

ഇതിനു മുൻപു നിരവധിത്തവണ പ്രശാന്ത് കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചു ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്നാണ് കോൺഗ്രസ് വിശദീകരണമെങ്കിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ചർച്ചകളാണ് പുരോഗമിക്കുന്നതെന്നാണ് പ്രശാന്തുമായി അടുത്തവൃത്തങ്ങൾ നൽകുന്ന വിവരം. മിഷൻ 2024’ സംബന്ധിച്ച് ധാരണയിലെത്തിയാൽ ഗുജറാത്ത് ഉൾപ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചുമതലയും പ്രശാന്ത് കിഷോറിനെ ഏൽപ്പിച്ചേക്കും. ഉപദേശക റോളിനുപകരം പ്രശാന്ത് കിഷോറിനു കോൺഗ്രസിൽ അംഗത്വം നൽകുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇതു സംബന്ധിച്ചു വ്യക്തതയില്ല. മേയ് 2നുള്ളിൽ തന്റെ ഭാവിപരിപാടികൾ വ്യക്തമാക്കുമെന്നാണു പ്രശാന്ത് നേരത്തെ അറിയിച്ചത്.

കോൺഗ്രസിനെ പൂർണമായും ഉടച്ചുവാർത്തു നവീകരിക്കണമെന്ന അഭിപ്രായമാണ് പ്രശാന്ത് നേതൃത്വത്തിനു മുന്നിൽവച്ചത്. എന്നാൽ മുതിർന്ന നേതാക്കളെ ഉൾപ്പെടെ അധികം പിണക്കാതെയുള്ള സമീപനം മതിയെന്നാണ് ഹൈക്കമാൻഡ് പക്ഷം. ഇതു സംബന്ധിച്ചാണ് ചർച്ചകൾ നീളുന്നത്.ഇതിന് മുൻപും ഇത്തരത്തിൽ ചർച്ചകൾ പ്രശാന്ത്കിഷോറും കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയിരുന്നു.എന്നാൽ ഒരുവിഭാഗം നേതക്കൾ ഈ നീക്കത്തെ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ അ‍ഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്ന് അടിഞ്ഞതോടെയാണ് പ്രശാന്തിന്റെ തന്ത്രങ്ങളിൽ മുന്നോട്ടുപോകാമെന്ന് ചർച്ചകൾ വീണ്ടും സജീവമായതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബംഗാളിൽ മമതയുടേയും തമിഴ്നാട്ടിൽ സ്റ്റാലിന്റെയും വിജയത്തിന് പിന്നിലും പ്രശാന്തിന്റെ ടീമായിരുന്നു.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ‌ പ്രശാന്ത് കിഷോർ ഒരുമാസത്തിനുള്ളിൽ കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. വരുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുൻപായി പ്രശാന്ത് കോൺഗ്രസിലെത്തുമെന്നും ഇനി മുന്നോട്ട് പ്രശാന്തിന്റെ തന്ത്രങ്ങളിൽ പാർട്ടി കരുത്തായി തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം കൂട്ടുമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിൽ പട്ടേൽ സമുദായത്തിൽ നിന്നും വലിയ സ്വാധീനമുള്ള നേതാക്കളെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കങ്ങളും സജീവമാണ്. രാജസ്ഥാൻ, ഛത്തിസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രശാന്തിന്റെ നേതൃത്വം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ച്‌ പ്രശാന്ത്‌ കിഷോർ ഹൈക്കമാൻഡുമായി അന്ന്ചര്‍ച്ച നടത്തിയിരുന്നു. പാർടി ഭാരവാഹിത്വം നൽകാനും ആലോചനയുണ്ടായി. എതിർപ്പുയർന്നതിനെത്തുടർന്ന്‌ തീരുമാനം നീണ്ടു. അതിനിടെയാണ്‌ രാഹുലിനെയും പ്രിയങ്കയെയും തള്ളി അദ്ദേഹം രം​ഗത്തുവന്നത്.2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വേണ്ടിയുള്ള പ്രചാരണം ലക്ഷ്യം കണ്ടതോടെയാണ്‌ പ്രശാന്ത്‌ കിഷോർ ശ്രദ്ധേയനായത്‌.

മോഡിയിൽനിന്ന്‌ അകന്നതോടെ ജെഡിയു, തൃണമൂൽ പ്രചാരണ ചുമതല വഹിച്ചു. പഞ്ചാബ്‌ മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങിന്റെ പ്രചാരണദൗത്യം ഏറ്റെടുത്തെങ്കിലും രാജിവച്ചു. രാഹുലും പ്രിയങ്കയും പ്രശാന്ത്‌ കിഷോറുമായി ചർച്ച നടത്തിയതും ഈ സമയത്തായിരുന്നു. പാർടിയാകെ ഉടച്ചുവാർക്കാൻ സ്വാതന്ത്ര്യം നൽകണമെന്ന്‌ പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടത്. നേതൃത്വത്തിന്‌ ഇത്‌ അംഗീകരിക്കാനായില്ല.

Eng­lish Summary:Gujarat Assem­bly elec­tions; Rahul and Sonia had a dis­cus­sion with Prashant Kishore

You may also like this video:

Exit mobile version