Site iconSite icon Janayugom Online

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്;കോണ്‍ഗ്രസിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധിയെ സമീപിച്ചതായി റിപ്പോര്‍ട്ട്

prasanth kishoreprasanth kishore

ഈ വര്‍ഷം അവസാനം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രാഹുല്‍ ഗാന്ധിയെ സമീപിച്ചതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം നടന്ന നിരവധി തവണ ചര്‍ച്ചകള്‍ക്ക് ശേഷം രാഹുലും പ്രശാന്ത് കിഷോറും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ വഴിത്തിരിവ്. എന്‍ഡിടിവിയാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നിരവധി തവണ കോണ്‍ഗ്രസ് നേതൃത്വവുമായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയിരുന്നു.

എന്നാല്‍ ഈ ചര്‍ച്ചകള്‍ വിജയം കണ്ടിരുന്നില്ല. ഇതിനിടെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രശാന്ത് കിഷോറിന്റെ മുന്‍ പങ്കാളിയുമായി കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. മമതയ്ക്കായി പ്രശാന്ത് കിഷോര്‍ നടത്തുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വവുമായി വിള്ളലുകള്‍ക്കിടയാക്കിയത് എന്നാണ് സൂചന. ഇത് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ നീക്കം. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണം മാത്രമാണ് പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ നടത്തിയ ചര്‍ച്ചയില്‍ ഇത് ഉയര്‍ന്നുവന്നെങ്കിലും പ്രശാന്ത് കിഷോറിന്റെ നിര്‍ദേശത്തോട് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗുജറാത്തിലെ ചില നേതാക്കള്‍ പ്രശാന്ത് കിഷോറിനെ കൊണ്ടുവരാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടുനല്‍കിയിരിക്കുകയാണ്.

അതേ സമയം പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ടുകള്‍ തള്ളി. കഴിഞ്ഞ വര്‍ഷം പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള നിരവധി സാധ്യതകളുണ്ടായിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ ഈ ബന്ധം പൊളിഞ്ഞുവെന്ന് പ്രിയങ്ക ഗാന്ധി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Gujarat Assem­bly polls: Prashant Kishore report­ed­ly approached Rahul Gand­hi over Con­gress campaign

You may also like this video:

Exit mobile version