Site icon Janayugom Online

സസ്യേതര ഭക്ഷണവിഭവങ്ങളുടെ വില്പന വിലക്ക്: വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്തിലെ അഹമ്മദാബാദിൽ തെരുവുകളില്‍ സസ്യേതര ഭക്ഷണവിഭവങ്ങളുടെ വില്പന വിലക്കിയ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഗുജറാത്ത് ഹൈക്കോടതി. സസ്യേതര ഭക്ഷണം വില്‍ക്കുന്നതില്‍ നിന്ന് വിലക്കപ്പെട്ട വഴിയോരക്കച്ചവടക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനെ ഹൈക്കോടതി വിമര്‍ശിച്ചത്.

ജനങ്ങൾ ഇഷ്ടമുള്ളത് കഴിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് അവരെ എങ്ങനെ തടയാനാവുമെന്ന് കോടതി ചോദിച്ചു. ‘നിങ്ങള്‍ക്ക് സസ്യേതര ഭക്ഷണം ഇഷ്ടമല്ല, അത് നിങ്ങളുടെ നിരീക്ഷണമാണ്. ആളുകള്‍ പുറത്ത് എന്ത് കഴിക്കണമെന്ന് നിങ്ങള്‍ക്ക് എങ്ങനെ തീരുമാനിക്കാനാകും? നാളെ എന്റെ വീടിന് പുറത്ത് ഞാന്‍ എന്ത് കഴിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കുമോ? ജസ്റ്റിസ് ബിരേന്‍ വൈഷ്ണവ് ചോദിച്ചു. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മിഷണറോട് കോടതിയില്‍ നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു.

2014ല്‍ പ്രാബല്യത്തില്‍വന്ന തെരുവ് കച്ചവടക്കാര്‍ (തെരുവ് കച്ചടവക്കാരുടെ ജീവനോപാധി സംരക്ഷണവും തെരുവോര കച്ചവട ചട്ടങ്ങളും) നിയമം നടപ്പാക്കാത്തതിനെ ചോദ്യം ചെയ്ത് അഹമ്മദാബാദിലെ 20 തെരുവ് കച്ചവടക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. കഴിഞ്ഞ ആഴ്ചയാണ് തെരുവുകളില്‍ സസ്യേതര ഭക്ഷണവിഭവങ്ങള്‍ വില്‍ക്കുന്നതിന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വിലക്കേര്‍പ്പെടുത്തിയത്. രാജ്‌കോട്ട്, ഭാവ്‌നഗര്‍, വഡോദര നഗരസഭകളുടെ നീക്കത്തിനു പിന്നാലെയാണ് തലസ്ഥാന നഗരിയിലും മാംസാഹാരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.

ENGLISH SUMMARY:Gujarat High Court slams ban on sale of non-veg­e­tar­i­an food items
You may also like this video

Exit mobile version